വയനാട് കല്‍പ്പറ്റ മില്‍മ ഡയറിയില്‍ നിന്നുള്ള മലിനീകരണം കാരണം സമീപത്തെ പുഴയില്‍ ഇറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമെന്ന് നാട്ടുകാര്‍. കുടിവെള്ളത്തിനും നീന്തല്‍ പരിശീലനത്തിനുമായി നാട്ടുകാര്‍ ആശ്രയിച്ചിരുന്ന മൂച്ചിക്കുണ്ട് പുഴയിലേക്ക് മില്‍മ മാലിന്യം തള്ളുന്നുവെന്നാണ് പരാതി. ആരോപണം മില്‍മ നിഷേധിച്ചു.
വേനലവധികാലത്ത് വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍പരിശീലനം നല്‍കേണ്ട മൂച്ചിക്കുണ്ട് പുഴയില്‍ ഇന്ന് നാട്ടുകാര്‍ ഇറങ്ങാറില്ല. പുറത്തുനിന്ന് വരുന്നവര്‍ ഇറങ്ങിയാല്‍ തന്നെ തിരിച്ചുകേറുമ്പോള്‍ ശരീരമാസകലം ചൊറിഞ്ഞുതടിക്കുമെന്ന് നാട്ടുകാര്‍. ഒന്നര മാസം മുന്‍പ് വരെ ഇവിടെ സ്ഥിരമായി ആളുകള്‍ നീന്താന്‍ എത്തിയിരുന്നു. ഇത്തവണ വേനല്‍കാലത്ത് വെള്ളത്തില്‍ കുമിളകളും നീന്തുന്നവര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകാന്‍ തുടങ്ങിയതോടെ പുഴയില്‍ ഇറങ്ങാന്‍തന്നെ ആളുകള്‍ മടിച്ചു.
ഡയറിയുടെ ചുറ്റുമതിലിനു വെളിയില്‍ പലയിടങ്ങളിലായി മാലിന്യം പുഴയിലേക്ക് ഒഴുകുന്നതായാണ് നാട്ടുകാരുടെ പരാതി. എന്നാല്‍ ആരോപണം മില്‍മ നിഷേധിച്ചു. ഡയറിയിലെ മലിനജലം പൂര്‍ണമായും ശുദ്ധീകരിച്ച് പ്ലാന്‍റിന്‍റെ ഭാഗമായ പുല്‍കൃഷിക്ക് ഉപയോഗിക്കുകയാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഡയറിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ വെള്ളം പുഴയ്ക്ക് സമീപത്തായുള്ള കിണറില്‍ നിന്നാണ് എടുക്കുന്നതെന്നും ആറ് മാസം കൂടുമ്പോള്‍ വെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതാണെന്നും മില്‍മ അറിയിച്ചു. പുഴയിലെ വെള്ളത്തിന്‍റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ച് നിയമനടപടി സ്വീകരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
People Complain Against Milma Diary