ഒരാൾ കൊല്ലപ്പെട്ട പാനൂർ ബോംബ് സ്ഫോടനം നടന്നു ഒരു മാസം പിന്നിടുമ്പോഴും പ്രതികൾ ബോംബ് എന്തിനു നിർമിച്ചു എന്നതിൽ പൊലീസിന് കൃത്യമായ ഉത്തരത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ബോംബ് നിർമാണം പ്രാദേശിക സംഘർഷത്തിൻ്റെ തുടർച്ചയെന്നും ലോക് സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിർമിച്ചതാണെന്നുമുള്ള രണ്ടു വാദങ്ങളാണ് പ്രതികളുടെ റിമാൻ്റ് റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ചക്കരക്കലിൽ ഉണ്ടായ ബോംബ് സ്ഫോടനം കണ്ണൂരിൽ ഇപ്പോഴും ബോംബ് നിർമാണവും ഉപയോഗവും തകൃതിയായി നടക്കുന്നുവെന്നതിൻ്റെ തെളിവു കൂടിയാണ്.
കണ്ണൂർ പാനൂരിൽ സിപിഎം പ്രവർത്തകന്റെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടന കേസിലെ റിമാൻ്റ് റിപ്പോർട്ടുകളിൽ തുടങ്ങിയതാണ് പൊലീസിൻ്റെ മലക്കം മറിച്ചിലുകൾ.കേസിലെ ആദ്യ 3 റിമാൻഡ് റിപ്പോർട്ടുകളിൽ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണു പ്രതികൾ ബോംബ് നിർമിച്ചതെന്നു പറയുമ്പോൾ പിന്നീടുള്ള 3 റിമാൻഡ് റിപ്പോർട്ടുകളിലും ഇക്കാര്യം പറയുന്നില്ല. അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും പ്രാദേശിക ഡി വൈ എഫ് ഐ ബന്ധമുണ്ടെന്ന് കണ്ടെത്തിയ കേസിലെ റിമാൻ്റ് റിപോർട്ടുകളിലാണ് വൈരുദ്ധ്യം. ബോംബ് ഉണ്ടാക്കാൻ പ്രാദേശിക സഹായം ലഭ്യമായി എന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലടക്കം പാനൂർ ബോംബ് നിർമാണം സജീവ ചർച്ച വിഷയമാവുകയും സി പി എം പ്രതിസന്ധിയിലാവുകയും ചെയ്ത കേസിലാണ് ഇപ്പോഴും ബോംബ് നിർമാണം എന്തിനാണെന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ മറുപടി പൊലീസ് പറയാത്തത്. പതിനഞ്ചോളം പ്രതികളുള്ള കേസിൽ പ്രതികളുടെ റിമാൻ്റ് റിപ്പോർട്ടിലെ വൈരുദ്ധ്യം അന്വേഷണത്തെ പോലും സംശയ നിഴലിൽ നിർത്തുന്നു. സി പി എം അറിഞ്ഞു കൊണ്ടുള്ള ബോംബ് നിർമാണമാണ് പാനൂരിൽ നടന്നതെന്ന് യു ഡി എഫ് ആരോപിക്കുമ്പോഴാണ് ഇന്നലെ ചക്കര ക്കലിൽ രണ്ട് ഐസ് ക്രീം ബോംബുകൾ പൊട്ടിയത്. അതും ആര് നിർമിച്ചു ആര് പൊട്ടിച്ചുവെന്നതിൽ പൊലീസിന് ഉത്തരമില്ല. തിറ ഉത്സവുമായി ബന്ധപ്പെട്ട് സി പി എം - ബി ജെ പി തർക്കം നിലനിന്നിരുന്നുവെന്നും അതിൻ്റെ തുടർച്ചയാണ് ബോംബ് സ്ഫോടനം എന്നുമാണ് പൊലീസ് വാദം. മനുഷ്യ ജീവനു ആപത്തുണ്ടാക്കുന്ന ഈ ബോംബ് നിർമാണവും ഉപയോഗവും തടയാൻ പൊലീസിന് കഴിയുന്നില്ലെ എന്നതാണ് ചോദ്യം. ഒരോ സംഘങ്ങളും അവരുടെ ഇച്ഛക്ക് അനുസരിച്ച് ബോംബുണ്ടാക്കുന്നു അതു ഉപയോഗിക്കുന്നു പൊലീസ് തിരഞ്ഞു വരില്ലെന്ന ഉറപ്പും രാഷ്ട്രീയ സംരക്ഷണവും കണ്ണൂരിൽ ബോംബ് നിർമിക്കുന്നവർക്ക് കരുത്തും പകരുന്നു. കണ്ണൂരിലെ ഭൂരിഭാഗം ബോംബ് സ്ഫോടനങ്ങളിലും ഇന്ന് പ്രതികൾ കാണാമറയത്ത് തുടരുന്നതിൻ്റെ കാരണവും മറ്റൊന്നല്ല.
Panoor bomb blast case follow up