kerala-weather-new

TOPICS COVERED

കാലാവസ്ഥ ഇങ്ങനെയങ്ങു മാറുമോ? ഇത്രപെട്ടെന്ന് കൊടുംചൂടില്‍ നിന്ന് കടുത്ത മഴയിലേക്ക് ചെന്നെത്തുമോ? വേനല്‍മഴ അപ്പാടെ ഒരാഴ്ച കൊണ്ട് പെയ്തിറങ്ങുകയാണോ? ഈ ചോദ്യങ്ങള്‍ക്കാണ് മലയാളികള്‍ ഇപ്പോള്‍ ഉത്തരം തേടുന്നത്. രണ്ടാഴ്ചയില്‍ മാറി മറിഞ്ഞ കേരളത്തിന്‍റെ കാലാവസ്ഥ പുതിയ വെല്ലുവിളികളും പാഠങ്ങളുമാണ് മുന്നോട്ടു വയ്ക്കുന്നത്. മേയിലെ ആദ്യ പത്തുദിവസം പൊള്ളുന്ന ചൂട്. പിന്നീട് 12 ദിവസത്തോളം നേരിയ മഴയും ഈര്‍പ്പവും ചൂടും കൂടിച്ചേര്‍ന്ന് വെന്തുരുകുന്ന അന്തരീക്ഷം. മേയ് 18  മുതല്‍ നല്ല മഴ. ഇരുപതാം തീയതി  ആയപ്പോഴേക്കും പെരുമഴയും ആരംഭിച്ചു. അങ്ങിനെ തകിടം മറിയുന്ന കാലാവസ്ഥയുടെ പാഠപുസ്തകമായി മാറുകയാണ് ഈ മേയ് മാസം.

എന്തൊരു ചൂട് എന്നു പറയാത്ത ദിവസങ്ങള്‍ ജനുവരിക്ക് ശേഷം കേരളത്തിലെവിടെയും ഉണ്ടായിട്ടില്ല. മേയ് ആദ്യ ആഴ്ചവരെ അത് തുടര്‍ന്നു. ഭൂമിയും ആകാശവും കടലും വരെ കത്തി നില്‍ക്കുന്ന വേനല്‍. മേയ് പത്തിന് പാലക്കാടും കൊല്ലത്തും  പൊള്ളുന്ന ചൂട്. പാലക്കാട്ട് 39 ഡിഗ്രി സെല്‍സിയസും കൊല്ലത്ത് 38.4 ഡിഗ്രിയും ആയിരുന്നു താപനില. പാടങ്ങളും കുളങ്ങളും വരണ്ടുണങ്ങി. കുടിവെള്ള ക്ഷാമം രൂക്ഷമായി. പകല്‍ പുറത്തിറങ്ങാനാകാത്ത അവസ്ഥ. സൂര്യാതപവും നിര്‍ജലീകരണവും ഉണ്ടാകാതെ ശ്രദ്ധിക്കാനും തൊഴില്‍സമയം മാറ്റാനും വേനല്‍ക്കാല ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ച വേനല്‍കൂടിയാണ് കടന്നുപോയത്. തെക്കന്‍കേരളത്തില്‍ പോലും താപതരംഗ മുന്നറിയിപ്പ് വന്നു.

ജനുവരി അവസാനത്തോടെയാണ് ഇത്തവണ കേരളത്തിലെ വേനല്‍ക്കാലം ആരംഭിച്ചത്. ഫെബ്രുവരി ആദ്യആഴ്ച ആയപ്പോള്‍ത്തന്നെ ചൂട് ക്രമാതീതമായി കൂടി.  ഫെബ്രുവരി ആറിന് കണ്ണൂരില്‍ 37 .7 ഡിഗ്രി സെല്‍സിയസ് രേഖപ്പെടുത്തി. അനുഭവവേദ്യമാകുന്ന ചൂട് 45 ഡിഗ്രി സെല്‍സ്യസിനും മുകളിലേക്ക് ഉയര്‍ന്നു. ഇങ്ങനെയൊരു ചൂടുകാലം അടുത്തൊന്നും അറിഞ്ഞിട്ടില്ല. രാത്രി താപനിലയും ഉയര്‍ന്നതോടെ അക്ഷരാര്‍ഥത്തില്‍ ഉറക്കം നഷ്ടപ്പെട്ടവരുടെ നാടായി കേരളം. ഉറങ്ങണമെങ്കില്‍ എ.സി വേണമെന്നായി. വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. 11 കോടി യൂണിറ്റിലേക്ക് പ്രതിദിന ഉപഭോഗം കുതിച്ചുയര്‍ന്നതോടെ അപ്പാടെ പ്രതിസന്ധിയായി.  

kerala-weather-rain-new

മേയ്18 മുതലാണ് സാമാന്യം നല്ലതോതില്‍ മഴ കിട്ടിത്തുടങ്ങുന്നത്. പിന്നീട് പെട്ടെന്നായിരുന്നു കാലാവസ്ഥ മാറിയത്. തുടര്‍ന്നുള്ള ദിവസങ്ങള്‍ പെരുമഴക്കാലമായി. 40 ഡിഗ്രി തൊട്ടു നിന്ന ചൂട് 27, 28 ഡിഗ്രി സെല്‍സിയസിലേക്ക് താണു. രാത്രി താപനില 23 – 24 ഡിഗ്രി സെല്‍സിയസുമായി. താപതരംഗത്തിനും ഉയര്‍ന്ന താപനിലയ്ക്കും നല്‍കിവന്ന മുന്നറിയിപ്പുകള്‍ തീവ്രമഴയ്ക്കുള്ള അലര്‍ട്ടുകളായി മാറാന്‍വേണ്ടി വന്നത് വെറും പത്തു ദിവസം. ഒരുതുള്ളി മഴയ്ക്ക് കാത്തിരുന്നവരുടെ മുന്നിലേക്കെത്തിയത് തോരാമഴ. കാലവര്‍ഷം എത്തും മുന്‍പ് ഇരട്ട ന്യൂനമര്‍ദങ്ങളുടെ പ്രഭാവത്തില്‍ മഴ കനത്തു. തുള്ളിക്കൊരുകുടം പോലെ വാശിപിടിച്ച് പെയ്തു. ലഘുമേഘ വിസ്ഫോടനങ്ങളില്‍ നാടും നഗരവും മുങ്ങി. 22ന് കോട്ടയം കുമരകത്ത് രണ്ടുമണിക്കൂറില്‍ 12.3 സെന്‍റിമീറ്റര്‍ മഴ പെയ്തു. ആലപ്പുഴയിലെ തൈക്കാട്ടുശേരിയില്‍ ഒരുമണിക്കൂറില്‍ 10 സെന്‍റിമീറ്ററും പെയ്തിറങ്ങി. കൂമ്പാരമേഘങ്ങളുടെ രൂപീകരണം, അറബിക്കടലിലെ ഉയര്‍ന്ന ചൂട് എന്നിവയാണ് അതിതീവ്രമഴ ദിനങ്ങളുടെ എണ്ണം കൂട്ടുന്നതെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

ചൂട് കത്തി നിന്നപ്പോഴും കടലേറ്റത്തെയും വലിയ തിരമാലകളെയും കരുതിയിരിക്കാന്‍ മുന്നറിയിപ്പുകള്‍ വന്നു. ഇന്ത്യന്‍ മഹാസുദ്രത്തിലെ കൊടുങ്കാറ്റുകള്‍ സ‍ൃഷ്ടിച്ച വന്‍തിരകളാണ് മൂവായിരം കിലോമീറ്ററോളം സഞ്ചരിച്ച് കേരളതീരത്ത് കടലേറ്റമുണ്ടാക്കിയത്. മഴ കനത്തപ്പോള്‍ പടിഞ്ഞാറന്‍കാറ്റും ശക്തമായി. അതോടെ വീണ്ടും കടലേറ്റം, മത്സ്യ‌ബന്ധന വിലക്ക്, മലയോരത്തേക്ക് രാത്രിയാത്രാ നിരോധനം, വിനേദസഞ്ചരത്തിന് നിയന്ത്രണം തുടങ്ങി മലയോരത്തും തീരപ്രദേശങ്ങളിലും ദെനംദിന ജീവിതത്തെ ബാധിക്കും വിധമാണ് മേയ്മാസം കാലാവസ്ഥ മാറിമറിഞ്ഞത്.

kerala-weather-sea-new

ഈ മേയ് മാസം അവസാനിക്കും മുന്‍പ് കാലവര്‍ഷം കൂടി എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. പതിവിലും കനത്ത മഴക്കാലമാണ് പ്രതീക്ഷിക്കേണ്ടത്. കേരളത്തിന്‍റെ കാലാവസ്ഥാ മാറ്റം ശ്രദ്ധിക്കുന്നവര്‍ക്കെല്ലാം മുന്നില്‍ 2024 മേയ് മാസം മുന്നോട്ടുവെക്കുന്നത് അപ്പാടെ തകിടം മറിയുന്ന പ്രകൃതിയുടെ വ്യത്യസ്ത രൂപഭാവങ്ങളും കേരളം നേരിടേണ്ടി വരുന്ന അരക്ഷിത ജീവിത സാഹചര്യങ്ങളുമാണ്.