attappadi-icu-ambulance

TOPICS COVERED

അട്ടപ്പാടിയില്‍ ഐ.സി.യു ആംബുലന്‍സില്ലാത്തതിന്റെ പേരില്‍ ചികില്‍സ വൈകി രണ്ട് ദിവസത്തിനിടെ നഷ്്ടപ്പെട്ടത് രണ്ട് ജീവനുകള്‍. കോട്ടത്തറയില്‍ നിന്നും ശനിയാഴ്ച നാല് മണിക്കൂറിലേറെ വൈകി തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ച മേലെ ഭൂതയാര്‍ ഊരിലെ ചെല്ലനാണ് ചികില്‍സയിലിരിക്കെ മരിച്ചത്. ഓട്ടോറിക്ഷയുടെ മുകളില്‍ മരം വീണ് പരുക്കേറ്റ ഫൈസലിനെ ആംബുലന്‍സില്ലാത്തതിനെത്തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി മൂന്ന് മണിക്കൂറിലേറെ കഴിഞ്ഞ് മാറ്റിയ അതേ രാത്രിയിലാണ് മറ്റൊരു ദുരനുഭവം. ഒറ്റപ്പാലത്ത് നിന്നും ഐ.സി.യു ആംബുലന്‍സെത്തി മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫൈസലിന്റെ ജീവനും രക്ഷിക്കാനായിരുന്നില്ല. 

 

ആടിനെ തീറ്റിക്കാന്‍ പോയ ചെല്ലനെ ശനിയാഴ്ച വൈകീട്ടാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടത്. മേലെ ഭൂതയാര്‍ ഊരില്‍ നിന്നും ഒന്നരക്കിലോമീറ്ററിലധികം കാല്‍നടയായി റോ‍ഡിലെത്തിച്ച് ബന്ധുക്കള്‍ ചെല്ലനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ ചെല്ലനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദേശമുണ്ടായെങ്കിലും ഐ.സി.യു ആംബുലന്‍സിനായി നാല് മണിക്കൂറിലേറെയാണ് കാത്തിരുന്നത്. ഗൂളിക്കടവില്‍ ഓട്ടോറിക്ഷയില്‍ മരം വീണ് പരുക്കേറ്റ ഒമ്മല സ്വദേശി ഫൈസലിന് വിദഗ്ധ ചികില്‍സ കിട്ടാന്‍ വൈകിയ അതേദിവസമാണ് ചെല്ലനും സമാന അനുഭവമുണ്ടായത്. ഫൈസനിനെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് വീണ്ടും കോട്ടത്തറയിലെത്തിയാണ് ചെല്ലനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ചികില്‍സയിലിരിക്കെയാണ് ചെല്ലന്‍ മരിച്ചത്.  

ഗുരുതര വീഴ്ച ഒന്നുകൂടി തെളിഞ്ഞുവെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതി. ഇത്രമേല്‍ പ്രതിസന്ധി നിറഞ്ഞ സാഹചര്യം കടന്നുപോയിട്ടില്ലെന്നും അധികൃതര്‍.  കോട്ടത്തറയിലെ രണ്ട് ഐ.സി.യു ആംബുലന്‍സുകളും കട്ടപ്പുറത്തായതിലും ചികില്‍സ വൈകിയെന്ന പരാതിയിലും ആരോഗ്യവകുപ്പിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന സമയത്താണ് വീണ്ടും ഗുരുതര വീഴ്ച തെളിയുന്നത്. 

ENGLISH SUMMARY:

Attappadi icu ambulance