TOPICS COVERED

ആലപ്പുഴ ജില്ലയിൽ കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. രണ്ടുദിവസമായി പെയ്യുന്ന മഴയിൽ ജില്ലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ശക്തമായ കാറ്റിൽ വീടുകൾ തകർന്നു.  എരമല്ലൂരിൽ ട്രെയിലർ കുരുങ്ങി ദേശിയ പാതയിൽ അരൂർ തുറവൂർ പാതയിൽ ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കായംകുളം ഹരിപ്പാട് ചേർത്തല, കണ്ടല്ലൂർ, പത്തിയർതുടങ്ങിയ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. 

കുട്ടനാട്ടിലെ ചമ്പക്കുളം, മങ്കൊമ്പ്, വൈശ്യംഭാഗം, മണപ്ര എന്നിവിടങ്ങളിലും നെടുമുടി, കൈനകരി , പുളികുന്ന് പഞ്ചായത്തുകളില്ല താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം നിറഞ്ഞു. കായംകുളം കൃഷ്ണപുരം പഞ്ചായത്തിൽ മാമ്പ്രകുന്നേൽ മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. കായംകുളം നഗരസഭയിലെ ഏഴാം വാർഡിൽ 60 വീടുകളിലാണ് വെള്ളം കയറിയത്. അശാസ്ത്രീയമായ ഓട നിർമ്മാണമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി.

ആലപ്പുഴ നഗരസഭയിലെ വലിയകുളത്ത് 20 വീടുകളിൽ വെള്ളം കയറി . ആലപ്പുഴ തീരദേശത്തെ കാഞ്ഞിരംചിറ, വടയ്ക്കൽ തുമ്പോളി എന്നിവിടങ്ങളിലും നഗരത്തിലെ തത്തംപള്ളി , പൂന്തോപ്പ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്. കളർകോട് ബ്ലോക്കിലെ കൃഷി ഓഫീസിലും വെള്ളം കയറി. നഗരത്തിലെ പ്രധാനയിടങ്ങളിൽ എല്ലാം വെള്ളക്കെട്ടാണ്.പറവൂർ കപ്പക്കട കിഴക്ക് നൂറോളം വീടുകളിൽ വെള്ളം കയറി. ഇവിടെ  റോഡും ഒലിച്ചു പോയി. 

കനത്ത മഴയിൽ നിരവധി വീടുകൾക്ക് നാശനഷ്ടം നേരിട്ടു. തലവടി പഞ്ചായത്തിൽ ശക്തമായ കാറ്റിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. വണ്ടാനത്ത് കനത്ത മഴയിൽ  വീട് ഇടിഞ്ഞു വീണു. ദൈവത്തിങ്കൽ വെളിയിൽ പ്രദീപിന്റെ വീടാണ് തകർന്നത്. ആലപ്പുഴ നഗരസഭ പരിധിയിൽ ഏഴിടത്ത് മരം കടപുഴകി വീണു. ആർക്കും പരിക്കില്ല. തുറവൂർ അരൂർ ദേശീയപാതയിൽ എരമല്ലൂരിൽ യന്ത്ര തകരാറ് മൂലം ട്രെയിലർ റോഡിൽ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ അരൂക്കുറ്റി റോട്ടിലേക്ക് തിരിച്ചുവിട്ടാണ് പ്രശ്നം പരിഹരിച്ചത്. ദേശീയപാതയിൽ പലയിടത്തും വെള്ളക്കെട്ടും കുഴികളും യാത്രക്കാർക്ക് വിനയാണ്. അർത്തുങ്കൽ പുറംകടലിൽ എൻജിൻ തകരാറിലായി ഉൾക്കടലിൽ ഒറ്റപ്പെട്ട ബോട്ടിലെ ഒൻപതു തൊഴിലാളികളെ രക്ഷപെടുത്തി.തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രക്ഷപെടുത്തിയത്.പുലർച്ചെ ബോട്ട് കെട്ടിവലിച്ച് തോട്ടപ്പള്ളി ഹാർബറിൽ എത്തിച്ചു.

ENGLISH SUMMARY:

Alappuzha Face Waterlogging After Continues Rain