പുരുഷാധിപത്യം നിലനിന്ന മൊബൈൽ ഫോൺ സർവീസ് മേഖലയിലും ഇനി വളയിട്ട കൈകൾ. സംസ്ഥാനത്ത് ആദ്യമായി മൊബൈൽ ഫോൺ സർവീസിങ് രംഗത്ത് വനിതകൾക്ക് പരിശീലനം നൽകി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്. ഉന്നതി എന്ന പേരിലാണ് 24 വനിതകൾക്ക് സ്വയം തൊഴിൽ സംരംഭത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ സർവീസ് പരിശീലനം നൽകുന്നത്.
അമ്പലപ്പുഴ തെക്ക്, വടക്ക്, പുന്നപ്ര വടക്ക് എന്നീ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിനങ്ങൾ പൂർത്തിയാക്കിയ വനിതകളാണ് മൊബൈൽ ഫോൺ സർവീസിങ്ങ് രംഗത്തേക്ക് കടന്നു വരുന്നത്.ഗ്രാമീണ ജനതയുടെ തൊഴിൽ വൈദഗ്ധ്യം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിലുറപ്പ് പദ്ധതിയും ആർഎസ്ഇടിഐയും സംയുക്തമായാണ് ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെ സാങ്കേതിക പരിശീലനം നൽകുന്നത്.18 നും 45 നും ഇടയിൽ പ്രായമുള്ള വനിതകളെയാണ് ഈ പരിശീലനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മൊബൈൽ ഫോണുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക വിദ്യകളും പരിശീലകരായ അൻസാരി, ആനന്ദ് എന്നിവർ ഇവർക്ക് നൽകുന്നുണ്ട്.ഒരു മാസത്തെ പരിശീലനം പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റും നൽകും
സ്വകാര്യ സ്ഥാപനങ്ങളിൽ അറുപതിനായിരം രൂപ ചെലവ് വരുന്ന കോഴ്സാണ് സൗജന്യമായി നൽകുന്നത്.
കേരളത്തിൽ ഇതാദ്യമായാണ് വനിതകൾക്കായി സർക്കാർ ഇത്തരമൊരു പരിശീലനം നൽകുന്നത്.പരിശീലനക്കാലയളവിൽ തൊഴിലുറപ്പ് വേതനമായ 346 ഉം ഭക്ഷണത്തിനായുള്ള 100 രൂപയും ചേർത്ത് 446 രൂപ ഇവർക്ക് എല്ലാ ദിവസവും നൽകുന്നുണ്ട്.