കോഴിക്കോട് സൗത്ത് ബീച്ചില്‍ ഏഴ് മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ഇടിമിന്നലേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ  അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മലയോര മേഖലയില്‍ തുടരുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. 

മഴയൊഴിഞ്ഞ അന്തരീക്ഷത്തിലായിരുന്നു അപ്രതീക്ഷിത മിന്നല്‍. കടപ്പുറത്ത് പണിയെടുത്തുകൊണ്ടിരുന്ന മല്‍സ്യത്തൊഴിലാളികളും ചാപ്പയില്‍ സ്വദേശികളുമായ മനാഫ്, സുബൈര്‍, മുഹമ്മദ് അനില്‍, അഷ്റഫ്, സലീം, അബ്ദുല്‍ ലത്തീഫ് , ജംഷീര്‍ എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇതില്‍ അഷ്റഫ് ലോറിയുടെ മുകളില്‍ നില്‍ക്കുകയായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ അഷറഫ് അടക്കം മൂന്നുപേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. മീന്‍ വാങ്ങാനെത്തിയ പുതിയങ്ങാടി സ്വദേശി ഷരീഫ് മിന്നലിന്റ ആഘാതത്തില്‍ വാഹനത്തില്‍ നിന്നും തെറിച്ചു വീണു. 

പരുക്കേറ്റവരെല്ലാം ബീച്ച് ആശുപത്രിയില്‍ ചികില്‍സയിലാണ്. കാര്യമായ പരുക്കില്ലാത്ത അഞ്ചുപേരെ വാര്‍‌ഡിലേക്ക് മാറ്റിയിട്ടുണ്ട്.  

അതേസമയം മലയോര മേഖലയില്‍ കനത്ത മഴയില്‍  പലയിടത്തും നാശനഷ്ടമുണ്ടായി. കൊയിലാണ്ടി ഇരിങ്ങത്ത്  മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. വാണിമേലില്‍ വീടിന്റ മതില്‍ ഇടിഞ്ഞു. കണ്ണൂർ- കോഴിക്കോട് ദേശീയപാതയിൽ പയ്യോളി, തിക്കോടി എന്നിവിടങ്ങളിലും നാദാപും, കുറ്റ്യാടി മേഖലകളിലും  വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. 

കുറ്റ്യാടിയില്‍ തെങ്ങ് കടപുഴകി വീണ് കരണ്ടോട് റോഡിലും ഊരത്ത് റോഡിലും ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് മലപ്പുറം അതിര്‍ത്തിയായ ചേളാരി ഇന്ത്യന്‍ ഒായില്‍ കോര്‍പറേഷന്റ മതിലും മഴയില്‍ തകര്‍ന്നുവീണു. 

ENGLISH SUMMARY:

Eight People Struck By Lightning At Kozhikode South Beach