തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ക്ഷീര കര്‍ഷകന്‍റെ 6 പശുക്കള്‍ ചത്തു. ഭക്ഷ്യ വിഷബാധയിലൂടെയാണ് പശുക്കള്‍ ചത്തതെന്ന് മൃഗഡോക്ടർ സ്ഥിരീകരിച്ചു. അരളി തീറ്റയിലുൾപ്പെട്ടിരുന്നോ എന്നും സംശയിക്കുന്നു.
കഴിഞ്ഞ 40 വര്‍ഷമായി നെയ്യാറ്റിന്‍കര അറക്കുന്നില്‍ പശുവളര്‍ത്തി ഉപജീവനം നടത്തുന്ന കുടുംബത്തിനാണ് അപ്രതീക്ഷിത ആഘാതം. തിങ്കളാഴ്ച നെയ്യാറ്റിന്‍കരയിലെ ഒരു വീട്ടില്‍ നിന്ന് ചെടികള്‍ വെട്ടിമാറ്റിയിരുന്നു. ഇത് അവിടെ നിന്ന് മാറ്റാനായി ക്ഷീര കർഷകൻ കൂടിയായ വിജീഷിനെ വീട്ടുകാര്‍ ഏല്‍പ്പിച്ചു.
വിജീഷ് ചെടികൾ വീട്ടിലെത്തിച്ചത് 17 പശുക്കളില്‍ ഒരു വരിയില്‍ നിന്നിരുന്ന 7 പശുക്കള്‍ക്ക് നല്‍കുകയായിരുന്നു. ഉച്ചയോടെ ഒരു പശു വീണ് ചത്തു. തുടരെത്തുടരെ അഞ്ചെണ്ണം കൂടി.ഒരെണ്ണം ഗുരുതരാവസ്ഥയിലും.
ഓടിട്ട വീട് തകര്‍ന്നതിനെ തുടര്‍ന്ന് ഫ്ലക്സ് മേല്‍ക്കുരയാക്കിയാണ് ജീവിതം. പ്രാരാബ്ധങ്ങൾക്കിടെയാണ് ഏക വരുമാനമാർഗത്തിൽ കൂടി വൻ നഷ്ടം സംഭവിച്ചത്. പശുക്കളുടെ ഇന്‍ഷ്വറന്‍സ് കാലാവധി കഴിഞ്ഞ മാസം അവസാനിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം പുതുക്കാൻ കഴിയാതിരുന്നതും ഇരുട്ടടിയായി.