മുഖ്യമന്ത്രിക്ക് അനുമതിയില്ലാതെ കത്തയച്ച പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിന് വീണ്ടും സസ്‌പെന്‍ഷന്‍. പൊലീസ് ഉദ്യോ​ഗസ്ഥരെ വിമർശിച്ചു കൊണ്ട് കഴിഞ്ഞ ദിവസമാണ് ഉമേഷ്  കത്തയച്ചത്. കത്തിന്റെ പകർപ്പ് സോഷ്യൽമീഡിയയിലും പങ്കുവച്ചു. അങ്കമാലിയില്‍ ഗുണ്ടാവിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പിക്കും പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍ നല്‍കിയ സംഭവത്തെ ആധാരമാക്കിയായിരുന്നു കത്ത്. ഈ സംഭവത്തില്‍ നടപടിയെ അഭിനന്ദിച്ച ഇദ്ദേഹം ഇത് ആദ്യത്തെയോ അവസാനത്തെയോ ഗുണ്ടാവിരുന്നാണെന്ന് കരുതരുതെന്നും കത്തില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്നാണ് തന്റെ മേലുദ്യോഗസ്ഥന്‍ ക്രിമിനല്‍ കേസുള്ളവരെ സംരക്ഷിക്കുന്നതിനെക്കുറിച്ചും ഉമേഷ് സൂചിപ്പിച്ചത്.  

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മേലുദ്യോഗസ്ഥരെ മോശമായ രീതിയില്‍ ചിത്രീകരിച്ചു, ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് നല്കിയ ഉത്തരവിനെയും, പൊലീസ് ഉദ്യോഗസ്ഥരെയും കുറിച്ച് വസ്തുതയ്ക്ക് നിരക്കാത്ത ആരോപണങ്ങൾ ഉന്നയിച്ചു, പൊലീസ് സേനക്ക് മുഴുവൻ നാണക്കേട് ഉണ്ടാക്കി എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ കൂടാതെ മുഖ്യമന്ത്രിക്ക് ഇമെയില്‍ വഴി തുറന്ന കത്ത് അയച്ചതും അച്ചടക്ക നടപടിയായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ഉമേഷിനെതിരെ അന്വേഷണം നടത്തി രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആറന്മുള സ്റ്റേഷന്‍ ഹൗസ്‌ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സസ്‌പെന്‍ഷന്‍ കാലയളവില്‍ നിയമാനുസൃതം ലഭിക്കേണ്ട ഉപജീവനപ്പടിക്ക് അര്‍ഹത ഉണ്ടായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

സര്‍വീസില്‍ കയറിയ ശേഷം ഉമേഷിന് ലഭിക്കുന്ന മൂന്നാമത്തെ സസ്‌പെന്‍ഷനാണിത്. ഇതിനുമുൻപും പൊതു വിഷയങ്ങളിലും മറ്റും പ്രതികരിച്ചതിനെ തുടര്‍ന്ന് നിരവധി തവണ മെമ്മോയും അച്ചടക്ക നടപടിയും ഇദ്ദേഹം നേരിട്ടിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടപ്പോള്‍ അഭിവാദ്യമര്‍പ്പിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് ഉമേഷിന് പത്തനംതിട്ട ഡിവൈ എസ് പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തനിക്ക് സസ്പെൻഷൻ ലഭിച്ച വിവരവും ഉമേഷ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഉച്ചക്ക് പന്ത്രണ്ടര മണിയോടെ സസ്പെൻഷൻ കൈപ്പറ്റിയിരിക്കുന്നു എന്നും വിശേഷങ്ങൾ പിന്നെ പറയാമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ENGLISH SUMMARY:

Umesh Vallikunnu was suspended