സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടനയില്‍ ഭാരവാഹി തര്‍ക്കം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇടപെട്ടിട്ടും പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്കത്തിന് മുഖ്യമന്ത്രി ഇടപെട്ടാണ് പരിഹാരം നിര്‍ദേശിച്ചത്.

സെക്രട്ടറി , പ്രസിഡന്‍റ് പദങ്ങള്‍ക്കായി വീറോടെ അവകാശവാദം ഉന്നയിച്ചതോടെ നിലവിലെ കമ്മിറ്റി തുടരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫോര്‍മുല. എച്ച്.ഹണി പ്രസിഡന്‍റും, കെ.എന്‍.അശോക് കുമാര്‍ സെക്രട്ടറിയുമായ നിലവിലെ കമ്മിറ്റിയാണ് ഇരുവരുടേയും നേതൃത്വത്തില്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞത്. കെ.എന്‍.അശോക് കുമാറിനെ മാറ്റണമെന്ന് എച്ച്. ഹണിയുടെ നേതൃത്വത്തിലുള്ള വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ലേബര്‍ വകുപ്പിലെ സെക്ഷന്‍ ഓഫിസറായ വനിതാ നേതാവിനെ പ്രസിഡന്‍റാക്കണമെന്ന് അശോക് കുമാറിന്‍റെ വിഭാഗം ആവശ്യപ്പെട്ടു. ഇതോടെ പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇടപെട്ട് യോഗം വിളിച്ചു. ഇരുപക്ഷവും നിലപാടുകളില്‍ ഉറച്ചു നിന്നു. തനിക്കെതിരെ നിലപാടെടുത്ത 13 പേരെ കമ്മിറ്റിയിൽ നിന്നു ഒഴിവാക്കണമെന്നും ഹണിപക്ഷം ആവശ്യപ്പെട്ടു.

പാർട്ടി സെക്രട്ടറിയേറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശൻ, ആനാവൂർ നാഗപ്പൻ എന്നിവരും പല ഘട്ടങ്ങളിലായി ചർച്ച നടത്തി. മാത്രമല്ല തീരുമാനം അനുകൂലമല്ലെങ്കിൽ മല്‍സരിക്കാന്‍ ഹണി വിഭാഗം ഒരുങ്ങി. ഇതോടെ പ്രശ്നം മുഖ്യമന്ത്രിയുടെ മുന്നിലെത്തുകയും നിലവിലെ കമ്മിറ്റി തുടരട്ടെയെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കുകയുമായിരുന്നു. 40 അംഗ കമ്മിറ്റി 45 അംഗ കമ്മിറ്റിയാക്കി മാറ്റി. ഒരംഗം വിരമിച്ചതിനാല്‍ പുതിയായി ചേര്‍ക്കുന്ന ആറ് അംഗങ്ങളില്‍ ഇരു വിഭാഗത്തില്‍ നിന്നുമുള്ളവരെ ഉള്‍പ്പെടുത്തും. ഇന്നാണ് ഭാരവാഹി തെരഞ്ഞെടുപ്പ്, നാളെ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ENGLISH SUMMARY:

Rift in CPM backed employees union in government secretariat , Trivandrum. Election will be held today.