പ്രതീകാത്മക ചിത്രം (മനോരമ)

പ്രതീകാത്മക ചിത്രം (മനോരമ)

ഡ്രൈവിങ് ടെസ്റ്റ് പാസായി ഗ്രൗണ്ടിന് പുറത്തിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ യുവാവിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് ഉത്തരവ്. ഏലൂര്‍ സ്വദേശി നെല്‍സനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ 'പണി' കിട്ടിയത്. രൂപമാറ്റം വരുത്തിയ ബൈക്കുമായാണ് നെല്‍സണ്‍ കാക്കനാട് ഡ്രൈവിങ് ടെസ്റ്റിനെത്തിയത്. ഡ്രൈവിങ് സ്കൂളുകാരുടെ ഇരുചക്രവാഹനത്തില്‍ ടെസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം തിരികെ മടങ്ങാനായി ഗ്രൗണ്ടിന് സമീപത്ത് വച്ചിരുന്ന സ്വന്തം ബൈക്കില്‍ കയറിയതോടെയാണ് പിടിവീണത്.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഐ അസീമിന്‍റെ കണ്ണില്‍ നെല്‍സന്‍റെ 'മോഡിഫൈഡ്' ബൈക്ക് പെട്ടു. കയ്യോടെ പിടികൂടി രേഖകള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിയത് എംവിഡി ഉദ്യോഗസ്ഥരാണ്. കുറഞ്ഞ കാലയളവിനുള്ളില്‍ 11 തവണയാണ് നെല്‍സന്‍റെ ബൈക്ക് പിടികൂടി പിഴയീടാക്കിയിട്ടുള്ളത്. 39,000 രൂപ പിഴയിനത്തില്‍ മാത്രം നെല്‍സണ്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. 

തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തുകയും പിടിവീഴുകയും ചെയ്യുന്നതാണെന്ന് ബോധ്യപ്പെട്ടതോടെ നെല്‍സന്‍റെ പുതിയ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ സസ്പെന്‍ഡ് ചെയ്തു. ബൈക്കില്‍ രൂപമാറ്റം വരുത്തിയതിന് 20,000 രൂപ കൂടി പിഴയും ചുമത്തി.

ENGLISH SUMMARY:

MVD suspends youth's driving license immediately after passing test. Motor vehicle inspector found modification in two wheeler