മലപ്പുറം കൊണ്ടോട്ടിയിൽ മൂന്നര വയസുകാരൻ ചികിൽസക്കിടെ മരിച്ചു. അരിമ്പ്ര സ്വദേശി കൊടക്കാടൻ നിസാറിൻ്റെ മകൻ മുഹമ്മദ് ഷാനിലാണ് കൊണ്ടോട്ടി മേഴ്സി ആശുപത്രിയിൽ വച്ച് മരിച്ചത് . അനസ്തീസിയ നൽകിയതിലെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി.
വായ്ക്കുള്ളിൽ മുറിവു പറ്റിയ നിലയിലാണ് മൂന്നര വയസുകാരനെയുമായി കുടുംബം ആശുപത്രിയിലെത്തിയത്. കളിക്കുന്നതിനിടെ വായിൽ കമ്പ്കൊണ്ടാണ് മുറിവ് പറ്റിയത്. അനസ്തേഷ്യ നൽകി സ്റ്റിച്ചിടണം എന്നാണ് പരിശോധിച്ച ഡോക്ടർമാർ നിർദ്ദേശിച്ചത്. അനസ്‌തേഷ്യ നൽകി കുറച്ച് സമയത്തിനകം കുഞ്ഞ് മരിച്ചു. ചികിൽസ പിഴവ് മൂലമാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
അനസ്തേഷ്യ നൽകിയ ഉടൻ കുഞ്ഞിന് ഹൃദയഘാതം സംഭവിച്ചതാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പരാതി ഉയർന്ന പശ്ചത്തലത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തും