കഠിനംകുളത്ത് യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തും പ്രതിയുമായ ജോണ്‍സന്‍ ഔസേപ്പിന്‍റെ കുറ്റസമ്മതം. ആതിര തന്നെ ഒഴിവാക്കുന്നതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ആതിരയില്‍ നിന്ന് വാങ്ങിയ പണം കൊണ്ട് ബുള്ളറ്റ് ബൈക്ക് വാങ്ങിയെന്നും ജോണ്‍സന്‍ പറഞ്ഞു. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതി കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്.
ഹോംനഴ്സായി ജോലി ചെയ്തിരുന്ന ജോണ്‍സനെ ചിങ്ങവനത്തെ വീട്ടില്‍ നിന്നും ഇന്നലെയാണ് പൊലീസ് പിടികൂടിയത്. കൊല്ലം നീണ്ടകര ദളവാപുരം സ്വദേശിയായ ജോണ്‍സന്‍ വിവാഹശേഷം എറണാകുളം ചെല്ലാനത്തായിരുന്നു താമസം. പിന്നീട് ഈ ബന്ധം വേര്‍പിരിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇന്‍സ്റ്റഗ്രാമിലൂടെ ആതിരയുമായി അടുപ്പം പുലര്‍ത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.
ഒപ്പം ജീവിക്കാനായി ഇറങ്ങിച്ചെന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന് ആതിരയെ പ്രതി നേരത്തെയും ഭീഷണിപ്പെടുത്തിയിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പലതവണയായി ഒന്നരലക്ഷത്തോളം രൂപയും കൈക്കലാക്കിയതായി കണ്ടെത്തിയിരുന്നു. ഈ പണം കൊണ്ടാണ് ബുള്ളറ്റ് വാങ്ങിയതെന്നാണ് സൂചന.