കോഴിക്കോട് ചെറുവണ്ണൂരിൽ സീബ്രാ ലൈൻ മുറിച്ച് കടക്കുന്നതിനിടെ വിദ്യാർഥിയെ ബസിടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. സംഭവത്തിൽ നല്ലളം പൊലീസ് കേസെടുത്തു. പ്ലസ്ടു വിദ്യാർഥിനിയായ ഫാത്തിമ റിനയ്ക്ക് ആണ് പരുക്കേറ്റത്.
ഏഴാം തിയതി വൈകീട്ട് ആറ് മണിക്ക് ചെറുവണ്ണൂർ സ്കൂളിന് മുമ്പിലെ സീബ്രാ ലൈനിൽ വെച്ച് ആണ് അപകടം. അമിത വേഗത്തിലെത്തിയ ബസ് ചെറുവണ്ണൂർ സ്വദേശിയായ ഫാത്തിമ റിനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കോഴിക്കോട് മഞ്ചേരി റൂട്ടിലോടുന്ന പാസ് എന്ന ബസ് ആണ് ഇടിച്ചത്. മനോരമ ന്യൂസിലൂടെ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഡ്രൈവറെയും ബസ് ഉടമയെയും ചോദ്യം ചെയ്യാനായി ഫറോക്ക് ജോയിന്റ് ആർടിഒ വിളിപ്പിക്കും. ഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യും. അച്ചടക്ക നടപടിയുടെ ഭാഗമായി ഡ്രൈവറെ മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക പരിശീലനത്തിന് പറഞ്ഞയക്കും.
മലപ്പുറം മേലാറ്റൂർ സ്വദേശി ഹൈദരലിയുടെ ഉടമസ്ഥതയിലുള്ള ബസിനെതിരെ മുമ്പും അപകടം വരുത്തിയതിന് കേസുണ്ട്. ആശുപത്രി വിട്ട ഫാത്തിമ റിന വീട്ടിൽ വിശ്രമത്തിലാണ്. അപടകത്തിന്റെ പശ്ചാത്തലത്തിൽ സീബ്രാ ലൈനുകളിൽ വാഹനത്തിന്റെ വേഗത കുറയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു.