ksrtcschool

കെ.എസ്.ആർ.ടി.സിയുടെ ആദ്യ  ഡ്രൈവിങ് സ്കൂളിനായി വാഹനം റെഡി. തലസ്ഥാനത്ത് ഒരു കാറും രണ്ട് ഇരുചക്രവാഹനങ്ങളും വാങ്ങി. എന്നാൽ, ഗ്രൗണ്ട് ഇതുവരെ സജ്ജമാക്കാനായിട്ടില്ല.

 

സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ സംഘടനകളെ പാഠം പഠിപ്പിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിങ് സ്കൂളുകൾ തുടങ്ങുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായി ബുക്ക് ചെയ്ത ഓൾട്ടോ കാറും ഗിയറുള്ളതും ഇല്ലാത്തതുമായ രണ്ട് ഇരുചക്രവാഹനങ്ങളും തലസ്ഥാനത്ത് എത്തിയെങ്കിലും ഗ്രൗണ്ട് മാത്രം സജ്ജമായിട്ടില്ല. പുതിയ വാഹനങ്ങൾ അട്ടക്കുളങ്ങരയിലെ പരിശീലന കേന്ദ്രത്തിൽ കിടക്കുകയാണ്. എച്ചും എട്ടും എടുക്കേണ്ട ഗ്രൗണ്ടിൽ കാക്ക കുളിക്കുന്നു.

ഇവിടെ ഗ്രൗണ്ട് സജ്ജമാക്കാൻ ഒരുമാസം എങ്കിലും എടുക്കുമെന്ന് അധികൃതർ പറയുന്നു. ഗ്രൗണ്ട് ഒരുക്കുന്നത് വരെ ആക്കുളത്തെ സ്വിഫ്റ്റിന്‍റെ ഓഫിസിന് മുൻപിൽ സൗകര്യം ഒരുക്കുന്നതാണ് പരിഗണനയിൽ. അങ്ങനെയെങ്കിൽ വൈകാതെ കെ.എസ്.ആർ.ടി.സിയുടെ ആദ്യ സ്കൂൾ പ്രവർത്തനം ആരംഭിക്കും. സ്വകാര്യ സ്കൂളുകളുമായി താരതമ്യം ചെയ്താൽ കുറഞ്ഞ ഫീസായിരിക്കും കെ.എസ്.ആർ.ടി.സി ഈടാക്കുക. സംവരണ വിഭാഗങ്ങൾക്ക് ഇളവ് ഉണ്ടാകുമെന്നും മന്ത്രി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Even though the vehicle arrived for the first driving school of KSRTC, the ground was not ready