Untitled design - 1

സിഎംആർഎൽ–എക്സാലോജിക് ദുരൂഹ ഇടപാട് കോടതി നേരിട്ട് അന്വേഷിക്കണമെന്ന ഹർജിയിൽ പിണറായി വിജയൻ അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടിസ്. പിണറായി വിജയന് പുറമേ മകൾ വീണ വിജയൻ, സിഎംആർഎൽ തുടങ്ങി ഏഴ് എതിർകക്ഷികൾക്കാണ് നോട്ടിസ്. അന്വേഷണ ആവശ്യം നിരസിച്ച തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎയാണ് ഹൈക്കോടതി സമീപിച്ചത്. 

 

പിണറായി വിജയൻ, മകൾ വീണ, എക്സാലോജിക്, കരിമണൽ കമ്പനിയായ സിഎംആർഎൽ, എംഡി ശശിധരൻ കർത്ത, കൊല്ലത്തെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് എന്നിവർക്കാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് നോട്ടീസ് അയച്ചത്. സിഎംആർഎല്ലിൽ നിന്ന് മുഖ്യമന്ത്രിയും മകളും മകളുടെ പേരിലുള്ള എക്സാലോജിക് എന്ന കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് കോടതി നേരിട്ട് അന്വേഷിക്കണം എന്നായിരുന്നു മാത്യു കുഴൽനാടൻ്റെ ആവശ്യം. 

എന്നാൽ ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണ് കുഴൽനാടൻ ഹൈക്കോടതിയിൽ എത്തിയത്. ഹർജി പരിഗണിക്കവെ എതിർകക്ഷിയായി സർക്കാരിനെ ഉൾപ്പെടുത്താതെ മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടുത്തിയത് രാഷ്ട്രീയ പ്രേരിതമെന്ന്  പ്രോസിക്യൂഷൻ ഡയറക്ടർ ഇന്നും വാദിച്ചു. സിഎംആർഎലിൽ നിന്നും പണം കൈപ്പറ്റിയവരിൽ ചിലരെ മാത്രം ഉൾപ്പെടുത്തിയാണ് ഹർജിയെന്നും ഡിജിപി ആരോപിച്ചു. എന്നാൽ ഇത് സാങ്കേതിക പ്രശ്നം മാത്രമാണെന്നായിരുന്നു കുഴൽനാടൻ്റെ വാദം. 

ഹർജി അടുത്തമാസം ഏഴിന് കോടതി വീണ്ടും പരിഗണിക്കും. അതിനിടെ ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അന്തരിച്ച വിവരാവകാശ പ്രവർത്തകൻ ഗിരീഷ് ബാബു സമർപ്പിച്ച ഹർജിയിൽ നാടകീയ സംഭവങ്ങൾ കോടതിയിലുണ്ടായി. കേസ് മുന്നോട്ടുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് നേരത്തെ അറിയിച്ച ഗിരീഷ് ബാബുവിന്റെ അഭിഭാഷകൻ ഇന്ന് കോടതിയിൽ ഹാജരാവുകയും തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സർക്കാർ അടക്കമുള്ളവർ ഈ ആവശ്യത്തെ എതിർത്തു. നേരത്തെ അഭിഭാഷകൻ പിന്മാറിയതുകൊണ്ടാണ് അമിക്കസ് ക്യൂറിയെ ഏർപ്പാടാക്കിയതെന്ന് കോടതിയും വ്യക്തമാക്കി. തുടർന്ന് ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഇരുഹർജികളും വെവ്വേറെ പരിഗണിക്കാൻ കോടതി  തീരുമാനിച്ചു. 

ENGLISH SUMMARY:

Kerala HC issues notice to CM Pinarayi Vijayan, daughter in CMRL case