mv-govindan-smile

ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റത് നല്ല പരാജയമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മുസ്‍ലിം വര്‍ഗീയ സംഘടനകള്‍ യുഡിഎഫിനുവേണ്ടി പ്രവര്‍ത്തിച്ചതാണ് ഇടതുമുന്നണി പരാജയപ്പെടാനുണ്ടായ ഒരു കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലുമെല്ലാം മല്‍സരിക്കാറുള്ള എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‍ലാമിയും പോപ്പുലര്‍ ഫ്രണ്ടുമെല്ലാം ലോക്സഭാതിരഞ്ഞെടുപ്പില്‍ സംഘടിതമായി യുഡിഎഫിനുവേണ്ടി നിലകൊണ്ടു. മുസ്‍ലിം രാഷ്ട്രത്തിനുവേണ്ടി വാദിക്കുന്ന ഈ പാര്‍ട്ടികളും കോണ്‍ഗ്രസും ലീഗും ഒരു മുന്നണി പോലെയാണ് പ്രവര്‍ത്തിച്ചതെന്നും ഗോവിന്ദന്‍ ആരോപിച്ചു.

മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊള്ളുന്ന ഒട്ടേറെ ജനവിഭാഗങ്ങളുള്ള കേരളത്തില്‍ ഈ കൂട്ടുകെട്ട് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി മുന്നറിയിപ്പുനല്‍കി. ‘താല്‍ക്കാലികമായി അവര്‍ക്ക് ജയിക്കാനും ഭൂരിപക്ഷം വര്‍ധിപ്പിക്കാനും കഴിഞ്ഞു എന്നത് ശരിയാണ്. പക്ഷേ മതനിരപേക്ഷ സ്വഭാവമുള്ള നിരവധി ജനവിഭാഗങ്ങള്‍ ഭൂരിപക്ഷത്തിലും ന്യൂനപക്ഷത്തിലുമുണ്ട്. അവര്‍ ജമാഅത്തെ ഇ‍സ്‍ലാമി ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘങ്ങളെ അംഗീകരിക്കുന്നില്ല’. അതിനെ തുറന്നെതിര്‍ത്ത് മുന്നോട്ടുപോകാന്‍ മതനിരപേക്ഷ ശക്തികള്‍ക്കാവണമെന്നും ഗോവിന്ദന്‍ പറഞ്ഞു.

kalasakkottu-flags

ബിജെപിയുടെ ജനകീയ വളര്‍ച്ച തടയുന്നതിന് ഉതകുന്ന രാഷ്ട്രീയ സമീപനം സ്വീകരിക്കുന്നതിനൊപ്പം മതരാഷ്ട്രവാദത്തിനെതിരെയും സിപിഎം ശക്തമായ പ്രചാരണം സംഘടിപ്പിക്കും. പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടി പരിഹരിക്കാന്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുക തന്നെ ചെയ്യും. ബൂത്ത് തലം വരെയുള്ള പരിപാടികള്‍ പരിശോധിച്ച് ആവശ്യമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യും. സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും പങ്കെടുക്കുന്ന നാല് മേഖലാ യോഗങ്ങള്‍ അടുത്തമാസം 2, 3, 4 തീയതികളില്‍ നടക്കും. തുടര്‍ന്ന് ജില്ലാ കേന്ദ്രങ്ങളില്‍ വിവിധ മേഖലകളാക്കി തിരിച്ച് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ട് നല്‍കും.

mv-govindan

താഴേത്തലം വരെ ജനങ്ങളോട് സംവദിക്കാന്‍ ലോക്കല്‍ അടിസ്ഥാനത്തിലും ചിലപ്പോള്‍ അത് വിഭജിച്ചും കൂട്ടായ്മകള്‍ സംഘടിപ്പിക്കും. അതത് മേഖലകളിലെ മുഴുവന്‍ ജനങ്ങളെയും വിളിച്ചുചേര്‍ത്ത് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും ഞങ്ങള്‍ക്ക് പറയാനുള്ളത് പറയാനുമുള്ള ഒരു സൗഹൃദം എല്ലാ ലോക്കലുകളിലും രൂപപ്പെടുത്തും. ഓഗസ്റ്റ് 19 വരെ എല്ലാ ലോക്കല്‍ കമ്മിറ്റി പരിധികളിലും ഇത്തരത്തിലുള്ള ബഹുജന കൂട്ടായ്മകള്‍ അതിവിപുലമായ രീതിയില്‍ സംഘടിപ്പിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

ENGLISH SUMMARY:

CPM state secretary M.V. Govindan attributed the party's Lok Sabha election defeat to the support Muslim extremist organizations provided to the UDF. He criticized SDPI, Jamaat-e-Islami, and Popular Front for collectively backing the UDF, and warned that this coalition could have far-reaching impacts in secular Kerala. Govindan emphasized the need for secular forces to counter these extremist groups and outlined CPM's plans for strong grassroots campaigns against communalism and BJP's growth. He announced upcoming regional meetings and extensive local gatherings to engage with the public and address concerns by August 19.