wayanad-dead-body

TOPICS COVERED

റോഡിന്റെ ശോചനീയാവസ്ഥ കാരണം ആദിവാസി യുവാവിന്റെ മൃതദേഹം ബന്ധുക്കൾ ചുമന്നത് ഒന്നര കിലോമീറ്ററോളം ദൂരം. വയനാട്ടിലെ മുട്ടില്‍ പഞ്ചായത്തില്‍ ഒരാഴ്ച മുമ്പാണ് സംഭവം. കാരാപ്പുഴ ജലസേചന പദ്ധതിയുടെ പേരില്‍ മാറ്റിപ്പാര്‍പ്പിക്കപ്പെട്ട 25 കുടുംബങ്ങള്‍ക്കാണ് ഈ ദുരവസ്ഥ.

 

കഴിഞ്ഞ ആഴ്ചയാണ് മുട്ടില്‍ ചീപ്രം കുന്നിലെ രാജന്റെ മൃതദേഹവും ചുമന്ന് ബന്ധുക്കള്‍ ചെളിയിലൂടെ കിലോ മീറ്ററുകളോളം നടന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടൂപോവുകയായിരുന്നു. മേഖലയിലേക്ക് ആമ്പുലന്‍സിലെത്തിക്കണമെങ്കില്‍ ചളികളമായ പാത കടക്കണം. ഇത് തടസ്സമായതോടെയാണ് മൃതദേഹം ചുമന്നത്.

ചീപ്രത്തു നിന്നും നെല്ലറച്ചാല്‍ കുണ്ടരഞ്ഞിയില്‍ നിന്നുമായി 25 ആദിവാസി കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ട് വര്‍ഷം നാലു കഴിഞ്ഞു. പുതിയ താമസസ്ഥലത്ത് എല്ലാസൗകര്യങ്ങളും ഒരുക്കാമെന്ന വാഗ്ദാനം അധികൃതര്‍ നൽകിയിരുന്നെങ്കിലും പരിഹാരം കണ്ടെത്തിയിരുന്നില്ല. വെളളമോ കൃഷിയിടമോ സഞ്ചാരയോഗ്യമായ വഴിയോ ഇല്ലാതെയാണ് കാലമിത്രയായി കഴിച്ചു കൂട്ടുന്നത്. കാരാപ്പുഴ ജലസേചന പദ്ധതിയുടെ പേരിലാണ് ചീപ്രത്തുനിന്ന് ഇവരെ കുടിയൊഴിപ്പിച്ചത്. അടിസ്ഥാന സൗകര്യമെങ്കിലും ഒരുക്കണമെന്നാണാവശ്യം.