TOPICS COVERED

ക്രമാതീതമായ തിരക്ക് കാരണം ജൂലൈ ഒന്നു മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഐപി, സ്​പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു. ഉദയാസ്​തമയ പൂജയുള്ള തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ ഏഴു മുതല്‍, ഉച്ചയ്​ക്ക് രണ്ടു വരെ വിഐപി സ്​പെഷ്യല്‍ ദര്‍ശനം അനുവദിക്കില്ല. വേനലവധി കഴിഞ്ഞാല്‍ മിഥുനം, കര്‍ക്കിടക മാസങ്ങളില്‍ തിരക്ക് കുറയാറുണ്ടെങ്കിലും ഇത്തവണ മിഥുനമായിട്ടും തിരക്കിന് കുറവ് വന്നിട്ടില്ല. അതിനാലാണ് സ്​പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നുവരെ നിയന്ത്രണമുണ്ടാവുമെന്ന് തീരുമാനിച്ചിട്ടില്ല. 

പൊതു അവധി ദിനങ്ങള്‍ വരുന്നതിനാല്‍ ജൂലൈ 13 മുതല്‍ 16 വരെ ക്ഷേത്ര നട വൈകിട്ട് ഒരു മണിക്കൂര്‍ നേരത്തെ 3.30നു തുറക്കും. ചോറൂണു വഴിപാട് കഴിഞ്ഞിട്ടുള്ള കുട്ടികള്‍ക്കുള്ള സ്​പഷ്യല്‍ ദര്‍ശനത്തിനും നെയ്​വിളക്ക് വഴിപാടുകള്‍ക്കുള്ള ദര്‍ശനത്തിനും നിയന്ത്രണം ബാധകമല്ല. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, വി.ജി.രവീന്ദ്രന്‍, കെ.പി.വിശ്വനാഥന്‍, അഡ്​മിനിസ്​ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

ENGLISH SUMMARY:

Darshan restriction in Guruvayoor from July 1