sruthy

കാസർകോട് കേന്ദ്രീകരിച്ച് ഹണിട്രാപ്പിലൂടെ പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം പണം തട്ടിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് കൊമ്പനടുക്കം സ്വദേശിയായ ശ്രുതി ചന്ദ്രശേഖരനെതിരെയാണ് മേൽപറമ്പ് പൊലീസ് കേസെടുത്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പൊയിനാച്ചി സ്വദേശിയായ യുവാവിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്തെന്നാണ് പരാതി. 

ഇന്‍സ്റ്റഗ്രാമിലൂടെ തിരഞ്ഞെടുത്ത ആളുകളുമായി സൗഹൃദം സ്ഥാപിക്കും. ഐ.എസ്.ആർ.ഒയിൽ അസിസ്റ്റന്‍റ് എഞ്ചിനീയർ ആണെന്നും ഐ.എ.എസുകാരിയാണെന്നുമൊക്കെ പരിചയപ്പെടുത്തും. ഇതിന്‍റെ തെളിവുകളും  നല്‍കും. ഇതിന് ശേഷം സൗഹൃദം ഉപയോഗിച്ച് പണവും സ്വര്‍ണവും തട്ടും. പറ്റിച്ചെന്ന് തിരിച്ചറിഞ്ഞാലും പലരും പ്രതികരിക്കാന്‍ തയാറാകില്ല. ഇതു തന്നെയാണ് ശ്രുതിയുടെ ആത്മവിശ്വസവും. 

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവിധ ജില്ലകളിലെ പൊലീസുകാർ ഉൾപ്പെടെ തട്ടിപ്പിനിരയായെന്ന് കണ്ടെത്തിയത്. മാനഹാനി ഭയന്ന് പലരും സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. പലരില്‍ നിന്നായി ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് യുവതി തട്ടിയെടുത്തത്. എന്നാല്‍ പൊലീസുകാരൊന്നും ഇപ്പോഴും യുവതിക്കെതിരെ പരാതി നല്‍കാന്‍ തയാറായിട്ടില്ല. 

 

ഇതിന് മുന്‍പ് ശ്രുതിക്കെതിരെ പരാതിയുമായി മറ്റൊരു യുവാവ് എത്തിയിരുന്നെങ്കിലും അയാള്‍ക്കെതിരെ ഇവര്‍ പീഡനക്കേസ് നല്‍കുകയായിരുന്നു. ഇയാള്‍ നിലവില്‍ ജയിലിലാണ്. ഇതുവരെ ശ്രുതിയെ കണ്ടെത്താനായിട്ടില്ല. വ്യാജരേഖ ചമച്ചതിനും ശ്രുതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാണ്. 

ENGLISH SUMMARY:

Honeytrap young lady traped the police officers