nia-sreenivasan

കൊല്ലപ്പെട്ട ശ്രീനിവാസന്‍

പാലക്കാട് ശ്രീനിവാസൻ കൊലപാതകമടക്കമുള്ള പി.എഫ്.ഐ കേസുകളിൽ എൻ.ഐ.എക്ക് തിരിച്ചടി. കേസുകളിലെ 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതേസമയം കരമന അഷറഫ് മൗലവി, അബ്ദുൾ റൗഫ് ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് കോടതി ജാമ്യം നിഷേധിച്ചു.

 

സാക്ഷിമൊഴികൾ മാത്രം അടിസ്ഥാനമാക്കി പ്രതി ചേർത്തവർക്കാണ് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാം കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ജാമ്യം നൽകിയത്. പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ 9 പേർക്കും, പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട കേസിൽ എട്ടുപേർക്കുമാണ് ജാമ്യം. കർശന ഉപാധികളോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. 

പ്രതികൾ സംസ്ഥാനം വിട്ട് പുറത്ത് പോകാൻ പാടില്ല. പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണം. ജാമ്യം ലഭിക്കുന്ന പ്രതികൾ ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാവൂ. ആ നമ്പർ അന്വേഷണ ഉദ്യോഗസ്ഥന് നൽകണം. മൊബൈൽ ഫോണിലെ ജിപിഎസ് പ്രവർത്തനക്ഷമമായിരിക്കണം. അന്വേഷണ ഉദ്യോഗസ്ഥന് ഇത് ട്രാക്ക് ചെയ്യാൻ സാധിക്കണമെന്നും ജാമ്യം നൽകികൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. അതേസമയം കേസുകളിൽ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളടക്കം 9 പേർക്ക് കോടതി ജാമ്യം നിഷേധിച്ചു. കരമന അഷറഫ് മൗലവി, അബ്ദുൾ റൗഫ്, അബ്ദുൽ സത്താർ, യഹിയ കോയ തങ്ങൾ തുടങ്ങിയവർക്കാണ് ജാമ്യം നിഷേധിച്ചത്. ഇവർക്കെതിരെ പ്രഥമദൃഷ്ട്യ തെളിവുകൾ ഉണ്ടെന്നും കോടതി വ്യക്തമാക്കി. 

2022 ഏപ്രിൽ 16നാണ് ആർഎസ്എസ് നേതാവായിരുന്ന എ.ശ്രീനിവാസൻ  കൊല്ലപ്പെടുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ്  സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നിരോധനത്തിലേക്ക് നയിച്ചതിന് കാരണമായ കേസുകളിലൊന്നായിരുന്നു ഇത്. 

ENGLISH SUMMARY:

The High Court has granted bail to all but nine accused in the Palakkad Srinivasan murder case