supplyco-golden-jubilee
  • സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രി തുടക്കമിട്ടു
  • 50 ദിവസം 50 ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കുറവ്
  • 14 ജില്ലകളിലും സപ്ലൈകോയുടെ സിഗ്നേച്ചര്‍ മാര്‍ട്ടുകള്‍

സപ്ലൈകോയില്‍ സുവര്‍ണ ജൂബിലി ആഘോഷം പൊടിപൊടിക്കുമ്പോഴും പലയിടങ്ങളിലും വില്‍പ്പനശാലകള്‍ കാലി. അഞ്ചില്‍ കൂടുതല്‍ സബ്സിഡി ഇനങ്ങള്‍ പലയിടത്തും കിട്ടാനില്ല. കുറച്ചു മാസങ്ങളായി മുളകും അരിയും ഉഴുന്നും ചെറുപയറും മാത്രമേ കൊച്ചി ഗാന്ധിനഗറിലെ ഔട്​ലെറ്റിലുള്ളൂ. പഞ്ചസാര വരുമെന്ന് ഇടക്കിടെ പറയുന്നതല്ലാതെ സ്റ്റോക്കെത്തിയിട്ടില്ല. കൃത്യമായി പറഞ്ഞാല്‍, കഴിഞ്ഞ ഓണത്തിനുശേഷം വില്‍പനശാലകള്‍ കാലിയായി തുടരുകയാണ്. നിത്യോപയോഗ സാധനങ്ങള്‍ക്ക് ന്യായവില മാത്രം ഈടാക്കി, സാധാരണക്കാര്‍ക്ക് വേണ്ടി ആരംഭിച്ചതാണ് സപ്ലൈകോ സ്റ്റോറുകള്‍.

ഓണച്ചന്തകളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ച് സപ്ലൈകോ കയ്യടിനേടിയെങ്കിലും റംസാന്‍–ഈസറ്റര്‍–വിഷു ചന്തകള്‍ ബാനര്‍ വലിച്ചുകെട്ടലില്‍ മാത്രം ഒതുങ്ങി. വിതരണക്കാര്‍ക്കും കരാറുകാര്‍ക്കും കുടിശിക നല്‍കാനുള്ളതിനാല്‍ ടെന്‍ഡര്‍ നടപടികളും നിലച്ച മട്ടാണ്. വലിയ സാമ്പത്തിക ബാധ്യതയില്‍ക്കുരുങ്ങി നില്‍ക്കുമ്പോഴാണ് ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷ പരിപാടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് തുടക്കമിട്ടത്. 50 ഉല്‍പന്നങ്ങള്‍ക്ക് 50 ദിവസം പ്രത്യേക വിലക്കുറവ്, ഹാപ്പി അവേഴ്സിലൂടെ ഉച്ചയ്ക്ക് രണ്ടുമുതല്‍ മൂന്നുമണി വരെ പ്രത്യേക വിലക്കുറവ്, 14 ജില്ലകളിലും സപ്ലൈകോയുടെ 'സിഗ്നേച്ചര്‍ മാര്‍ട്ടു'കള്‍ തുടങ്ങി പുതിയ പദ്ധതികളും കൂടെ പ്രഖ്യാപിച്ചു. സബ്സിഡി ഇതര ഇനങ്ങളാണ് ഈ പദ്ധതികളില്‍ കൂടുതലും ഉള്‍പ്പെടുന്നത്. അതുകൊണ്ടുതന്നെ അവശ്യസാധനങ്ങളുടെ ലഭ്യതയെക്കുറിച്ചാണ് ഉപഭോക്താക്കളുടെ ആശങ്ക. കൂടുതല്‍ പേരും സപ്ലൈകോ വില്‍പനശാലകളെ ആശ്രയിക്കുന്നത് സബ്സിഡി ഇനങ്ങള്‍ക്കു വേണ്ടിയായതിനാല്‍, പുതിയ പദ്ധതികള്‍ എത്രത്തോളം ആശ്വാസമാകുമെന്നറിയില്ല. 

ഭക്ഷ്യമന്ത്രി നാടിന് നാണക്കേടാണെന്ന് സി.പി.ഐ തന്നെ വിമര്‍ശിച്ചതിനു പിന്നാലെയാണ് സപ്ലൈകോ ജൂബിലി ആഘോഷം ധൂര്‍ത്താണെന്ന അഭിപ്രായങ്ങളും ഉയര്‍ന്നത്. എന്നാല്‍, ആഘോഷപരിപാടികള്‍ ധൂര്‍ത്തല്ലെന്ന് ഭക്ഷ്യമന്ത്രിയും സപ്ലൈകോയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കാലിയായ വില്‍പനശാലകള്‍ ആഘോഷത്തിന്‍റെ മാറ്റുകുറയ്ക്കുമെന്നുറപ്പാണ്.

ENGLISH SUMMARY:

No stock in Supplyco outlets across Kerala. Amid criticism kerala govt celebrates supllyco's golden jubilee.