സംസ്ഥാനത്ത് പലയിടത്തും മഴക്കെടുതി. കണ്ണൂരും കാസര്‍കോട്ടും ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട അരയാഞ്ഞിലിമണ്‍ കോസ്​വേ മുങ്ങിയതോടെ നാന്നൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കോഴിക്കോട് തൊട്ടില്‍പ്പാലം പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായതിനെ തുടര്‍ന്ന് കക്കയം വിനോദസഞ്ചാര കേന്ദ്രം അടച്ചു. മലപ്പുറം എടവണ്ണയില്‍ മരം കടപുഴകി നിലമ്പൂര്‍ റോഡില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടിട്ടുണ്ട്.

ആലപ്പുഴ പാതിരപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. കേബിള്‍ ടി.വി. ടെക്നീഷ്യനായ പ്രതീഷാ(28)ണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ കേബിളിന്‍റെ അറ്റകുറ്റപ്പണിക്ക് പോയ പ്രതീഷിന്‍റെ മൃതദേഹം രാവിലെയാണ് കണ്ടെത്തിയത്. ആലപ്പുഴയിലെ കാക്കാഴത്ത് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് നാലുവയസുകാരനുള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു. എറണാകുളത്തും മഴക്കെടുതി രൂക്ഷമാണ്. മണികണ്ഠന്‍ചാലില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മണികണ്ഠന്‍ചാലും വെള്ളാരംകുത്തുള്‍പ്പടെയുള്ള പ്രദേശങ്ങളും ഒറ്റപ്പെട്ടു. 

ഇടുക്കിയുടെ മലയോര മേഖലയില്‍  മഴ ശക്തമാണ്.മൂന്നാറില്‍ 21 പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ദേവികുളത്ത് കരിങ്കല്‍ കെട്ട് ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു. ഏലപ്പാറയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. മലങ്കര ഡാം തുറന്നതിനാല്‍ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇടുക്കിയില്‍ പാംബ്ല, മലങ്കര ഡാമുകള്‍ തുറന്നു. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. പൊരിങ്ങല്‍ക്കുത്ത്, പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പെരിയാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാകലക്ടര്‍ വ്യക്തമാക്കി.

ENGLISH SUMMARY:

Heavy rain across kerala. 400 families stranded in Pathanamthitta, one death in Alappuzha. Red alert in Peringalkuthu and Moozhiyar dams.