fraud-case

വിദ്യാഭ്യാസ വകുപ്പിനെ മറയാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയത് കൗമാരക്കാരന്‍. തട്ടിപ്പ് വിവരം മനോരമ ന്യൂസ് പുറത്തുവിട്ടതിനെ പിന്നാലെ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി കട്ടപ്പനക്കാരനായ ശ്രീരാജ് ഷിബു പിടിയിലായത്. അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വ്യാജമായി തയാറാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. 

കട്ടപ്പനക്കാരനായ ശ്രീരാജിന് പതിനെട്ട് വയസ് തികഞ്ഞിട്ട് രണ്ട് മാസമേ ആയുള്ളു. പക്ഷെ ഇപ്പോള്‍ തന്നെ തട്ടിപ്പിന്റെ പതിനെട്ടടവും പഠിച്ചുകഴിഞ്ഞു. സര്‍ക്കാരിന്റെ മുദ്രയും മെയില്‍ ഐ.ഡിയുമെല്ലാം ചേര്‍ത്ത് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിദ്യാഭ്യാസവകുപ്പിന്റെ വ്യാജ ഉത്തരവുണ്ടാക്കിയത് ശ്രീരാജാണ്. നെടുമങ്ങാട് സ്വദേശിനിയടക്കം പലരും ആ കെണിയില്‍ വീണു.

വ്യാജ സര്‍ക്കാര്‍ ഉത്തരവുകളുണ്ടാക്കി വാട്സപ്പ് വഴി പ്രചരിപ്പിക്കും. ഉത്തരവ് വിശ്വസിച്ച്  വ്യാജ ഇമെയിലിലേക്ക് അപേക്ഷ അയച്ചവരോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന സംസാരിച്ചു. ഒടുവില്‍ റജിസ്ട്രേഷന്‍ ഫീസെന്ന പേരില്‍ പണവും കൈക്കലാക്കി. 

 

പ്രായപൂര്‍ത്തിയാകും മുന്‍പ് തട്ടിപ്പ് തുടങ്ങിയതാണ് ശ്രീരാജ്. മൂന്ന് തവണ പിടിക്കപ്പെട്ടെങ്കിലും പ്രായപൂര്‍ത്തിയായില്ലെന്ന പേരില്‍ ശിക്ഷകിട്ടാതെ രക്ഷപെട്ടു. 8 സിമ്മുകള്‍ സ്വന്തമായുണ്ട്. അതുപയോഗിച്ചാണ് പലരെയും ഫോണ്‍ ചെയ്ത് വീഴ്ത്തുന്നത്. തട്ടിപ്പ് നടത്തിയ ശേഷം ആരും സംശയിക്കാതിരിക്കാനായി പലയിടത്തും സഞ്ചരിക്കുന്നത് വൈദികവേഷത്തിലാണ്. മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് അന്വേഷിച്ചെത്തുമ്പോളും ശ്രീരാജിന്റെ ബാഗില്‍ ഒരു ജോടി വൈദികവേഷമുണ്ടായിരുന്നു.

ENGLISH SUMMARY:

The teenager committed financial fraud under the guise of the education department