Image∙ Shutterstock - 1

ഇന്ന് 8 വാഹനാപകടങ്ങളിലായി മൂന്നു പേർ മരിച്ചു. 19 പേര്‍ക്ക് പരുക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. മഴയും റോഡിലെ വളവുമാണ് മിക്കയിടത്തും വില്ലനായത്. 

 

കണ്ണൂർ മാനന്തേരിയിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചാണ് ആറളം അയ്യപ്പൻകാവ് സ്വദേശി ജമീല മരിച്ചത്. മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. ഭർത്താവിനും മക്കൾക്കും മറ്റൊരു ബന്ധുവിനും പരുക്കേറ്റു. കോതമംഗലം കുത്തുകുഴിയിൽ ബൈക്കും പിക് അപ് വാനും കൂട്ടിയിടിച്ച് ഇടുക്കി മുരിക്കാശ്ശേരി സ്വദേശി നിഖില്‍ മരിച്ചു. 23 വയസായിരുന്നു. മൂന്നാർ പെരിയവാരയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് ഡ്രൈവർ മുനിയാണ്ടി മരിച്ചത്. വാഹനമോടിക്കുന്നതിനിടെ മുനിയാണ്ടിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായി ജീപ്പ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരുക്കേറ്റ ആറുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. 

പത്തനംതിട്ട കോന്നി പൂങ്കാവിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സിനു ഗുരുതരമായി പരുക്കേറ്റു. കോന്നി മെഡിക്കൽ കോളജിലെ നഴ്സ് സജിതയാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം വ്യക്തമല്ല. സജിത കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

പട്ടാമ്പി ആമയൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് സ്വകാര്യ ബസിനെ ഇടിക്കുകയായിരുന്നു. സ്വകാര്യ ബസിന്റെ മുൻഭാഗം തകർന്നെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. റൂട്ടില്‍ അര മണിക്കൂറിലേറെ ഗതാഗതക്കുരുക്കുണ്ടായി. പാലക്കാട് ചെർപ്പുളശേരിയിൽ വ്ളോഗർമാരായ ഇബുള്‍ ജെറ്റ് സഹോദരൻമാരും കുടുംബവും സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ആറു പേർക്ക് പരുക്കേറ്റു. എബിനും  ലിബിനും ഒരു കുട്ടിയുമടക്കമുള്ളവരെ പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളാങ്കണ്ണി തീർഥയാത്ര കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. എറണാകുളം പട്ടിമറ്റത്ത് ചരക്കുലോറി പെരിയാർവാലി കനാലിലേക്ക് തലകീഴായി മറഞ്ഞു. ഡ്രൈവര്‍ക്കും  ക്ലീനര്‍ക്കും നിസാര പരുക്കേറ്റു.

കോഴിക്കോട് മുക്കം കാരശേരി മാടമ്പുറം വളവില്‍ ടാങ്കര്‍ ലോറി തെന്നിമാറി. എതിരെവന്ന KSRTC ബസ് തലനാരിഴയ്ക്കാണ് ടാങ്കര്‍ ലോറിയില്‍ ഇടിക്കാതെ പോയത്.  ലോറി മണ്‍തിട്ടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. 

ENGLISH SUMMARY:

3 deaths in 8 road accidents today