ട്രെയിന്‍ യാത്രക്കിടെ ബര്‍ത്ത് പൊട്ടിവീണ് മലപ്പുറം പൊന്നാനി സ്വദേശി മരിച്ചു. തെലങ്കാനയിലെ വാറങ്കലില്‍ വച്ചുണ്ടായ അപകടത്തില്‍ 62കാരനായ മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കല്‍ അലിഖാനാണ് മരിച്ചത്.
മില്ലേനിയം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ തൃശൂരില്‍ നിന്നാണ് അലിഖാന്‍ സുഹൃത്തിനൊപ്പം യാത്ര ആരംഭിച്ചത്. ട്രെയിന്‍ തെലങ്കാനയിലെ വാറങ്കലില്‍ എത്തിയപ്പോഴാണ് മധ്യഭാഗത്തെ ബര്‍ത്ത് ആള്‍ സഹിതം താഴത്തെ ബര്‍ത്തില്‍ കിടന്ന അലിഖാന്‍റെ ദേഹത്ത് പതിക്കുന്നത്. അപകടത്തില്‍ ചരിഞ്ഞു കിടക്കുകയായിരുന്ന അലിഖാന്‍റെ കഴുത്തിലെ 3 അസ്ഥികള്‍ക്ക് പൊട്ടലുണ്ടായി. നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റതോടെ ചലനശേഷി നഷ്ടപ്പെട്ടു. വാറങ്കലിലെ സ്വകാര്യാശുപത്രിയില്‍ വിദഗ്ധ ചികില്‍സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒപ്പമുളള സുഹൃത്തിന്‍റെ പഞ്ചാബില്‍ പഠിക്കുന്ന മരുമകളെ സന്ദര്‍ശിക്കാനും ഡല്‍ഹില്‍ വിനോദയാത്രയും ലക്ഷ്യമിട്ടായിരുന്നു പുറപ്പെട്ടത്. തെലങ്കാനയില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നുച്ചയോടെ കബറടക്കം നടത്തി.