paramekavu

തൃശൂര്‍ പൂരത്തിന് ആനകളുടെ പരിശോധനയില്‍ സഹകരിച്ചില്ലെന്ന വനംവകുപ്പിന്‍റെ ഹൈക്കോടതിയിലെ സത്യവാങ്മൂലം അടിസ്ഥാന രഹിതമെന്ന് തൃശൂര്‍ പാറമേക്കാവ് ദേവസ്വം. ആനകളെ പരിശോധിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ദേവസ്വം പുറത്തുവിട്ടു.   

തൃശൂര്‍ പൂരത്തിന്റെ തലേന്ന് ആനകളെ പരിശോധിക്കുന്നത് പതിവാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും പരിശോധിച്ച ശേഷം ആനകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത്തവണയും അതില്‍ മാറ്റമുണ്ടായില്ല. പക്ഷേ, ഇത്തവണ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷനും പരിശോധനയ്ക്കു വന്നിരുന്നു. ഈ പരിശോധനകളോട് ദേവസ്വം സെക്രട്ടറി സഹകരിച്ചില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ആനകളെ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട പാറമേക്കാവ് ദേവസ്വം, സത്യവാങ്മൂലത്തില്‍ പറയുന്നതെല്ലാം തെറ്റാണെന്ന് വ്യക്തമാക്കി. 

ആനകളുടെ പരിശോധന സംബന്ധിച്ച്, വനംവകുപ്പും ജില്ലാ ഭരണകൂടവും നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാറമേക്കാവ് ദേവസ്വം പാലിച്ചിരുന്നു. പാറമേക്കാവ് ദേവസ്വം സെക്രട്ടറിയെ തിരഞ്ഞുപിടിച്ച് ഒറ്റപ്പെടുത്താനുള്ള നീക്കമാണിതെന്ന് ദേശക്കാരും സംശയിക്കുന്നു. മുഖ്യമന്ത്രിയ്ക്കും വനംമന്ത്രിയ്ക്കും ഇക്കാര്യത്തില്‍ നിവേദനം നല്‍കുമെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.

ENGLISH SUMMARY:

Thrissur Paramekav Devaswom said that the Forest Department's affidavit in the High Court is baseless