varkala-cliff

TOPICS COVERED

വര്‍ക്കല ക്ലിഫില്‍ സര്‍ക്കാരും നഗരസഭയും നടത്തുന്ന നിയമലംഘനങ്ങളും അനവധി. ചട്ടങ്ങള്‍ പാലിക്കാതെ ഡി.ടി.പി.സി നിര്‍മിച്ച ടോയിലറ്റ് കോംപ്ലക്സിനുവേണ്ടി ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കുന്നിടിച്ചു. പാര്‍ക്കിങ് നിര്‍മിക്കാന്‍ നഗരസഭ തണ്ണീര്‍ത്തടം നികത്തിയതും അനുവദിക്കപ്പെട്ട ദൂരപരിധി പാലിക്കാതെ പൊലീസ് എയ്ഡ് പോസ്റ്റ് പണിതതും നിയമലംഘനങ്ങളുടെ ഉദാഹരണങ്ങളാണ്.  

 

കുന്നിന്‍റെ ഘടനയില്‍ മാറ്റം വരുത്തിയും താഴെ വലിയ കുഴികളെടുത്തുമാണ് ടോയിലറ്റ് കോംപ്ലക്സ് പണിതത്. പണിക്കിടെ തൊട്ടടുത്തുള്ള ബലിമണ്ഡപത്തിലേക്ക് കുന്നിടിഞ്ഞുവീണു. തുടര്‍ന്നാണ് അപകടമൊഴിവാക്കാനെന്ന പേരില്‍ കുന്നിന്‍റെ ഒരറ്റം ഇടിച്ചു നിരത്താന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുമായോ ഉത്തരവാദപ്പെട്ട മറ്റ് ഏജന്‍സികളുമായോ കൂടിയാലോചിക്കാതെയായിരുന്നു  ഭൗമപൈതൃക കേന്ദ്രമായ കുന്ന് ഒരു ടോയിലറ്റ് കോംപ്ലക്സിനുവേണ്ടി ഇടിച്ചുനിരത്തിയത്. ബലിമണ്ഡപവും ടോയിലറ്റ് കോംപ്ലക്സും നിര്‍മിക്കുന്നതിന് മുമ്പുള്ള ഈ ചിത്രത്തില്‍ നിന്ന് ക്ലിഫിന്‍റെ ഘടനയിലുണ്ടായ മാറ്റം വ്യക്തം. 

ക്ലിഫില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം കടലിലേക്ക് പോകുന്നത് ഈ തോട് വഴിയാണ്. തോട് കടന്ന് പോകുന്ന തണ്ണീര്‍ത്തടമാണ് വാഹന പാര്‍ക്കിങ് നിര്‍മിക്കാന്‍ നഗരസഭ മണ്ണിട്ട് നികത്തിയിരിക്കുന്നത്. വിവാദമായതോടെ നിര്‍ത്തിവച്ചു. ഇവിടെ ബയോ പാര്‍ക്ക് സ്ഥാപിക്കുമെന്നാണ് പുതിയ പ്രഖ്യാപനം. ക്ലിഫിന് മുകളില്‍ ഹെലിപ്പാടിന് സമീപം നിര്‍മിച്ച പൊലീസ് എയ്ഡ് പോസ്റ്റ് അപകടാവസ്ഥയിലാണ്. പത്ത് മീറ്റര്‍ ദൂരപരിധി പാലിക്കാതെ 2020ലാണ് എയ്ഡ് പോസ്റ്റ് നിര്‍മിച്ചത്. ഇത്തരത്തില്‍ ക്ലിഫ് സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നു. 

ENGLISH SUMMARY:

Government and municipality violating the law at Varkala Cliff