കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി സെര്‍വര്‍ അപ്‌ഡേറ്റ് കാരണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാനുകൂല്യം മുടങ്ങിയ രോഗികളെ ഡിസ്‍ചാര്‍ജ് ചെയ്യാന്‍ നടപടിയായി. രോഗികള്‍ ഇന്ന് മുതല്‍ വീട്ടിലേയ്ക്ക് മടങ്ങിതുടങ്ങും. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
എരവന്നൂര്‍ സ്വദേശി പ്രശാന്തന്‍ അടക്കമുള്ള ഒട്ടേറെ രോഗികളാണ് ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കാത്തതിനാല്‍ ആശുപത്രിയില്‍ കുടുങ്ങിപോയത്. മനോരമ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതോടെയാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഇടപെടത്. ചികിത്സയ്ക്ക് ചെലവായ പണം അടയ്ക്കേണ്ടെന്നാണ് നിര്‍ദേശം.
സാങ്കേതികത്വത്തിന്‍റെ പേരിലാണ് പ്രശാന്തന്‍ അടക്കമുള്ള രോഗികളെ മെഡിക്കല്‍ കോളജ് അധികൃതര്‍ വട്ടംകറക്കിയത്. ചികിത്സയ്ക്ക് ചെലവായ തുക അടച്ചിട്ടില്ലെങ്കില്‍ ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും വരെ ആശുപത്രിയില്‍ കഴിയണമെന്നായിരുന്നു അധികൃതരുടെ നിലപാട്. രോഗികള്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
28 മുതലാണ് സെര്‍വര്‍ അപ്‍ഡേറ്റ് ചെയ്യാന്‍ തുടങ്ങിയത്. ഇതുകാരണം ആരോഗ്യകിരണം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യത്തെയും സെര്‍വര്‍ തകരാര്‍ ബാധിച്ചിട്ടുണ്ട്.