വൈദ്യുതി ബോര്‍ഡ് ജീവനക്കാർക്കും ഓഫീസുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളുടെ കണക്കെടുക്കാൻ KSEB തീരുമാനം. ഒരു വർഷത്തില്‍ മാത്രം  ജീവനക്കാര്‍ക്ക് നേരെ ഉണ്ടായത് 24 ആക്രമണങ്ങളാണ്. ആശുപത്രിസംരക്ഷണ നിയമത്തിന്റെ മാതൃകയില്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും.

പത്തനംതിട്ട ജില്ലയിലെ വായ്പൂർ KSEB ഓഫീസിൽ ഏപ്രിലില്‍ ഉണ്ടായ അക്രമമാണിത്. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഓവർസിയർക്ക് മര്‍ദ്ദനമേറ്റു. ഒരു വൈദ്യുതി അപകടത്തിൽ പരുക്കേറ്റ് ഓഫീസ് ഡ്യൂട്ടികൾ മാത്രം ചെയ്യാൻ പറ്റുന്ന വസ്ഥയിലായിരുന്നു അദ്ദേഹം. പൊലീസ് കേസെടുത്തെങ്കിലും  പ്രതികൾ ജാമ്യത്തിൽ ഇറങ്ങി .ഇതുപോലെ ഒരുവര്‍ഷത്തിനിടെ 24 കെ.എസ്.ഇ.ബി ഓഫിസുകളിലാണ് ആക്രമണങ്ങളുണ്ടായത്. കഴിഞ്ഞ വര്‍ഷം മേയ് 15 ന് കാരപ്പറമ്പ് ഇലക്രിക്കല്‍ സെക്ഷന്‍ ഓഫിസില്‍ , റവന്യൂ വിഭാഗത്തില്‍ ജോലിചെയ്യുന്ന ഓവര്‍സിര്‍ക്ക് നേരെ ആക്രമണമുണ്ടായി. കേസ് എടുത്തെങ്കിലും പ്രതികള്‍ ഒളിവിലാണ്. ഈമാസം രണ്ടിന് രാത്രി സാമൂഹിക വിരുദ്ധര്‍ കോഴിക്കോട് പാളയത്തെയും മാനാരിയിലെ, പാര്‍വതീപുരത്തെയും വൈദ്യുതി വിതരണ ലൈനുകള്‍ തകരാറിലാക്കുകയും ട്രാന്‍സ്ഫോര്‍മറിലെ ഫ്യൂസുകള്‍ ഊരുകയും ചെയ്തു. ഇതിനെതിരെ പന്നിയങ്കര പൊലീസില്‍ പരാതി നല്‍കിയത് ഉള്‍പ്പടെ 24 ആക്രമണങ്ങളുടെ പട്ടിക കെ.എസ്.ഇ.ബി തയാറാക്കി. ഇതിന് പുറമെയാണ് തിരുവമ്പാടി വൈദ്യുതി ഓഫിസിലെ അക്രമം. ഇതുപോലെ അഞ്ചുവര്‍ഷം നേരിടേണ്ടിവന്ന ആക്രമണങ്ങളുടെ പട്ടികയാണ് തയാറാക്കുന്നത്. പല കേസുകളിലും പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഈ പശ്ചാത്തത്തിലാണ് ആശുപത്രി സംരക്ഷണ നിയമത്തിന്റെ മാതൃകയില്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ പ്രത്യേക നിയമം വേണമെന്ന് ആവശ്യപ്പെടുന്നത്. ഇതിന് മുന്നോടിയായാണ് ആക്രമണങ്ങളുടെ കണക്കെടുപ്പ്.

KSEB has decided to take stock of the attacks on electricity board employees and offices: