dispute-over-the-responsibi

ആമയിഴഞ്ചാൻ തോടിലെ മാലിന്യത്തിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി തമ്മില്‍തല്ല്. എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞപ്പോള്‍ കോര്‍പറേഷനെ മാത്രം പഴിക്കേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി. അപകടത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു.

 

ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനിറങ്ങിയ ജോയിയെ കാണാതായതില്‍ റയില്‍വേയ്ക്കെതിരെ വിമര്‍ശനവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍.  റയില്‍വേ കനാലില്‍ വന്‍തോതില്‍ മാലിന്യം തള്ളിയെന്ന് മേയര്‍ ആരോപിച്ചു. പരിശോധനയില്‍ ഗുരുതര വീഴ്ച കണ്ടെത്തി. സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ആര്യ രാജേന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തോടിന്റെ ശുചികരണത്തില്‍ റെയിൽവേയ്ക്കും, കോർപ്പറേഷനും, ഇറിഗേഷൻ വകുപ്പിനും കൂട്ട ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. റോഡിന്റെ താഴ്ന്ന ഭാഗങ്ങളിൽ മേജർ ഇറിഗേഷൻ വകുപ്പ് പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. റെയിൽവേയുടെ കൂടി  സഹകരണമുണ്ടെങ്കിലെ നവീകരണം നടപ്പാകൂയെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്നത്തില്‍ തിരുവനന്തപുരം കോര്‍പറേഷനെ മാത്രം കുറ്റപ്പെടുത്തേണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി. മാലിന്യപ്രശ്നം റയില്‍വേയുമായി സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയുടെ ഇരയാണ് ജോയിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തദ്ദേശ, ആരോഗ്യവകുപ്പുകള്‍ക്ക് വലിയ വീഴ്ച സംഭവിച്ചു. മഴക്കാലപൂര്‍വ  ശുചീകരണം പൂര്‍ണമായി പരാജയപ്പെട്ടു. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ആരോഗ്യമന്ത്രി കാപ്പാകേസ് പ്രതിയെ മാലയിട്ട് സ്വീകരിക്കാന്‍പോയെന്ന് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. അപകടത്തില്‍ അധികൃതര്‍ക്ക് നോട്ടിസ് അയച്ച മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തു. കലക്ടറും നഗരസഭാ സെക്രട്ടറിയും ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം.

 
ENGLISH SUMMARY:

Dispute over the responsibility for the waste in the Amaiyhanchan canal