ആദിവാസി ഭൂമി നിയമപ്രകാരം വിധിയായ ഭൂമിയിൽ പ്രവേശിച്ച് കൃഷിയിറക്കാനെത്തിയ ദേശീയ പുരസ്കാര ജേതാവും ഗായികയുമായ നഞ്ചിയമ്മയെയും കുടുംബാംഗങ്ങളെയും പൊലീസും റവന്യു അധികൃതരും ചേർന്ന് തടഞ്ഞു. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് ഉദ്യോഗസ്ഥര്‍. തനിക്ക് അവകാശപ്പെട്ട ഭൂമിയില്‍ മറ്റന്നാള്‍ വീണ്ടും കൃഷിയിറക്കാനെത്തുമെന്ന നിലപാടിലായിരുന്നു നഞ്ചിയമ്മ.
അഗളിയിൽ പ്രധാന റോഡരികിലെ നാലേക്കർ ഭൂമി ഉഴുത് കൃഷിയിറക്കാൻ ട്രാക്ടറുമായാണ് നഞ്ചിയമ്മയും കുടുംബാംഗങ്ങളുമെത്തിയത്. അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും അഗളി പൊലീസുമാണ് തടഞ്ഞത്. നിലവിൽ ഭൂമിക്ക് ഉടമസ്ഥത അവകാശപ്പെടുന്നവരും സ്ഥലത്തുണ്ടായിരുന്നു. കന്തസ്വാമി ബോയനും തന്റെ ഭർത്താവിന്റെ കുടുംബവുമായാണ് കേസുണ്ടായിരുന്നതെന്നും 2023 ൽ അനുകൂല വിധി ലഭിച്ചെന്നും നഞ്ചിയമ്മ പറഞ്ഞു. കേസ് നിലനിൽക്കെ വ്യാജരേഖകളുണ്ടാക്കി ഭൂമി കൈവശപ്പെടുത്താൻ ചിലർക്ക് റവന്യു അധികാരികൾ ഒത്താശ ചെയ്തതായി നഞ്ചിയമ്മ.
ആദിവാസി ഭൂമി നിയമപ്രകാരമുള്ള കേസുകളെയും അതിലുള്ള വിധികളെയും ഉദ്യോഗസ്ഥരും കോടതികളും പരിഗണിക്കുന്നില്ലെന്ന് സമരത്തിന് നേതൃത്വം നൽകിയ ആദിവാസി ഭാരത് മഹാസഭ സംസ്ഥാന കൺവീനർ ടി.ആർ.ചന്ദ്രൻ പറഞ്ഞു. പ്രശ്നം വെള്ളിയാഴ്ച ചർച്ച ചെയ്യാമെന്ന തഹസിൽദാരുടെ ഉറപ്പിൽ കൃഷിയിറക്കുന്നത് മാറ്റിവെച്ചതായി നഞ്ചിയമ്മ അറിയിച്ചു.