ആമയിഴഞ്ചാന്‍ തോടിലെ മാലിന്യത്തില്‍ അകപ്പെട്ട് മുങ്ങിമരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പത്തുലക്ഷം രൂപ ധനസഹായം നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.. ജോയിയുടെ അമ്മ മെര്‍ഹിക്കാണ് തുക കൈമാറുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്ന് പണം നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ജോയിയുടെ അമ്മയ്ക്ക് വീടുവച്ചുനല്‍കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രനും പറഞ്ഞു. എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം കണ്ടെത്തും. വീടുനല്‍കാന്‍ സര്‍ക്കാരിന്റെ അനുമതി തേടുമെന്നും മേയര്‍ പറഞ്ഞു.
മാലിന്യ പ്രശ്നത്തിൽ പ്രതിഷേധം കനക്കുന്നു
തിരുവനന്തപുരം കോർപറേഷനിലെ മാലിന്യ പ്രശ്നത്തിൽ പ്രതിഷേധം കനക്കുന്നു. മാലിന്യ പ്രശ്നത്തിൽ പരിഹാരം കാണാത്ത മേയറുടെ രാജി ആവശ്യപ്പെട്ട് കോർപറേഷനകത്തും, പുറത്തും ബി.ജെ.പി ,യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് മേയർ ആര്യാ രാജേന്ദ്രൻ ഉച്ചവരെ കോർപറേഷൻ ഓഫിസിൽ എത്തിയില്ല
അമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കാനിറങ്ങിയ ജോയിയുടെ മരണത്തിനു പിന്നാലെയാണ് പ്രതിഷേധം പ്രതിപക്ഷ പാർടികൾ കടുപ്പിച്ചത്. ബി.ജെ.പി കൗൺസിലർ മാർ രാവിലെ 9.30 ഓടെ മേയറുടെയും, സെക്രട്ടറിയുടെയും മുന്നിൽ പ്രതിഷേധം ആരംഭിച്ചു. മാലിന്യ നീക്കത്തിനുള്ള കേന്ദ്ര പദ്ധതികൾ കോർപറേഷൻ അട്ടിമറിച്ചെന്നു കൗൺസിലർമാർ ആരോപിച്ചു.
പത്തരയോടെ യൂത്ത് ലീഗ് പ്രതിഷേധം.കോർപറേഷനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി . പിന്നാലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ബാരിക്കേഡ് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ ജോയിയുടെ മരണത്തിനുത്തരവാദി റെയിൽവേ യെന്നു ആവർത്തിക്കുകയാണ് തിരുവനന്തപുരം കോർപറേഷൻ