ganesh-kumar-19
  • സീബ്രാ ലൈനില്‍ കുട്ടികളെ ബസ് ഇടിച്ച സംഭവത്തില്‍ കര്‍ശന നടപടി
  • സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ പിടികൂടും
  • 'സ്വാധീനം ഉപയോഗിച്ച് രക്ഷപെടാന്‍ സാധിക്കില്ല'

വാഹനങ്ങളിലെ മോഡിഫിക്കേഷന്‍ സംബന്ധിച്ച് കര്‍ശന നിര്‍ദേശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. അധികമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെയും സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത ലോറി ഉള്‍പ്പെടെയുള്ളവയ്ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ മന്ത്രി പറഞ്ഞു.

ബോഡി കോഡ് അനുസരിച്ചാണ് ബസുകള്‍ നിരത്തിലിറങ്ങുന്നതെന്നും കമ്പനി നല്‍കുന്ന രൂപത്തില്‍ നിന്ന് ചട്ടവിരുദ്ധമായി മാറ്റം വരുത്തരുത് എന്നും മന്ത്രി നിര്‍ദേശം നല്‍കുന്നു. കോടമഞ്ഞ് ഇറങ്ങുന്ന സ്ഥലങ്ങളില്‍ ഡ്രൈവറുടെ കാഴ്ച മറയുകയും ഇതിനെ പ്രതിരോധിക്കാന്‍ മഞ്ഞ നിറത്തിലുള്ള ഫോഗ് ലാമ്പുകള്‍ ഘടിപ്പിക്കാന്‍ അനുവദിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ആവശ്യം ഉയര്‍ന്നിരുന്നു.

ഇതിനെയും മന്ത്രി എതിര്‍ത്തു. മഞ്ഞ് ഉള്ള സ്ഥലമാണെങ്കില്‍ പോലും ഇത്തരം ലൈറ്റുകള്‍ ഘടിപ്പിക്കാനാകില്ലെന്ന് മന്ത്രി വീഡിയോയില്‍ വ്യക്തമാക്കി. കമ്പനി നല്‍കുന്ന ഹെഡ്​ലൈറ്റുകള്‍ അല്ലാതെ അധികമായി ലൈറ്റുകള്‍ വെച്ചുപിടിപ്പിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടെന്നും വീഡിയോയില്‍ ഗണേഷ് കുമാര്‍ പറയുന്നു.

ശബ്ദമലിനീകരണത്തിന്‍റെ കാര്യത്തില്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടെന്നും എയര്‍ഹോണുകള്‍ ഉപയോഗിക്കുന്നവര്‍ ഇന്ന് തന്നെ അഴിച്ചുമാറ്റണമെന്നും നിര്‍ദേശം നല്‍കി. പിടിയിലായിക്കഴിഞ്ഞാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപെടാന്‍ സാധിക്കില്ല. നിയമം പാലിക്കുന്ന ഗവണ്‍മെന്‍റാണ് കേരളം ഭരിക്കുന്നതെന്നും മന്ത്രി വീഡിയോയില്‍ പറഞ്ഞു.

വാഹനങ്ങള്‍ ഷോ കാണിക്കാനല്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. സീബ്രാ ലൈനിലൂടെ നടന്ന കുട്ടികളെ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതോടൊപ്പം ബസിന്‍റെ പെര്‍മിറ്റും റദ്ദാക്കുമെന്ന് മന്ത്രി അറിയിച്ചു.

സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെ ഓടുന്ന വലിയ വാഹനങ്ങള്‍ പിടികൂടുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ടിപ്പര്‍ലോറികള്‍ പലതും സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെയാണ് ഓടിയിരുന്നതെന്നും അവ പിടികൂടിയശേഷം അപകടങ്ങള്‍ കുറഞ്ഞുവെന്നും മന്ത്രി വീഡിയോയില്‍ വ്യക്തമാക്കുന്നു.

ENGLISH SUMMARY:

KB Ganesh Kumar About Vehicle Modification