ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ സൈന്യം മടങ്ങുന്നു. മൂന്നുനാളായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സംഘമാണ് ഇന്ന് രാത്രി മടങ്ങുന്നത്. അര്‍ജുനെ കണ്ടെത്താനുളള കരയിലെ തിരച്ചില്‍ പൂര്‍ത്തിയാക്കിയെന്നാണ് വാദം. സൈന്യത്തിന്റെ മടക്കം മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചത് കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയിലാണ്. സിഗ്നല്‍ ലഭിച്ച മൂന്നിടത്തും പരിശോധിച്ചതോടെയാണ് കരയില്‍ ലോറിയില്ലെന്ന് സൈന്യം സ്ഥിരീകരിച്ചത്
അര്‍ജുന്‍ എവിടെ ?
ഏഴാം നാള്‍ ഇരുട്ടുവീഴുമ്പോഴും അര്‍ജുന്‍ എവിടെയന്ന ചോദ്യം ഉത്തരമില്ലാതെ ശേഷിക്കുകയാണ്. കരയില്‍ അര്‍ജുന്റ ലോറിയില്ലെന്ന് സൈന്യം ഒൗദ്യോഗികമായി വ്യക്തമാക്കുമ്പോള്‍ ഇതുവരെ നടത്തിയ പ്രയ്തനങ്ങളെല്ലാം വിഫലമായതിന്റെ വേദന.
ആറു രാത്രി പിന്നിട്ട് ഏഴാം നാള്‍. തൊണ്ണൂറു ശതമാനം മണ്ണും നീക്കികഴിഞ്ഞെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയതോടെ തിരിച്ചില്‍ രാവിലെ പുഴയിലേക്ക്. ഇതിനിടയില്‍ കരയില്‍ പ്രതീക്ഷയുടെ സിഗ്നല്‍ തെളിഞ്ഞു. റഡാര്‍ പരിശോധനയില്‍ രണ്ടിടത്ത് ഇരുമ്പിന്റ സാന്നിധ്യം. ഇവിടുത്ത പാറക്കല്ലുകളില്‍ ഇരുമ്പിന്റ അംശം ഏറെയുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞപ്പോഴും സൈന്യവും കേരളത്തില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരും നിരാശരായില്ല. കനത്തമഴയിലും മനുഷ്യരും യന്ത്രങ്ങളും മണിക്കൂറുകളോളം പണിപ്പെട്ടിട്ടും ഫലം നിരാശ.ഒടുവില്‍ കരയില്‍ അര്‍ജുന്റ ലോറിയില്ലെന്ന സൈന്യത്തിന്റ ഒൗദ്യോഗിക സ്ഥിരീകരണം
പുഴക്കരയിലേക്കായി പിന്നെ പരിശോധന. ഒരിടത്ത് കണ്ട സിഗ്നലിലാണ് ഇനി എല്ലാം കണ്ണുകളും. അപകടത്തിന് മുമ്പത്തെ ഉപഗ്രഹചിത്രങ്ങള്‍ െഎ.എസ് ആര്‍ ഒയുടെ സഹായത്തോടെ ലഭ്യമാക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. ഇതിനിടയില്‍ മണ്ണിടിച്ചിലില്‍ ഒഴുകിപ്പോയ എല്‍ പി ജി ബുള്ളറ്റ് ടാങ്കര്‍ ഏഴ് കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി. ഒടുവില്‍ സിഗ്നല്‍ കണ്ട ഭാഗത്തും ലോറിയില്ലെങ്കില്‍ തിരച്ചില്‍ പുഴയിലേക്ക് തന്നെ നീളും. ഗംഗാവലിപ്പുഴയിലെ അടിഞ്ഞ് കൂടിയ മണ്‍കൂനയ്ക്കുള്ളില്‍ ലോറിയുണ്ടോയെന്ന് സ്ഥിരീകരിക്കുയാണ് ആദ്യ കടമ്പ.
മലയോട് ചേര്‍ത്ത് നിര്‍ത്തിയിട്ടിരുന്ന 25 ടണ്ണിലേറെ ഭാരമുള്ള അര്‍ജുന്റ ലോറി റോഡിന് മറുവശത്തെ പുഴയില്‍ പതിക്കുമോ.അങ്ങനെ പതിച്ചെങ്കില്‍ ചിതറിത്തെറിച്ച ഒരു തടിക്കഷണമെങ്കിലും കണ്ടേത്തേണ്ടതല്ലേ. ഉത്തരമില്ലാതെ നിരാശയുടെ ഒരു പകല്‍ കൂടി ഒടുങ്ങുമ്പോള്‍ 480 കിലോമീറ്റര്‍ ഇപ്പുറത്ത് കണ്ണാടിക്കലിലെ വീട്ടില്‍ അര്‍ജുന്‍ ജീവനോടെ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുയാണ് കുടുംബം.
വിങ്ങലോടെ കുടുംബം
അർജുനെ തേടിയുള്ള രക്ഷാദൗത്യം ഷിരൂരിൽ തുടരുമ്പോൾ കോഴിക്കോട് കണ്ണാടിക്കലിലെ കുടുംബ വീട്ടിൽ ആശങ്ക ഉയരുകയാണ്. കുടുംബത്തിന്‍റെ നട്ടെല്ലായവൻ എവിടെയെന്ന് അറിയില്ലെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് വീടും നാടും. തിരച്ചിലിനായി കോഴിക്കോട് നിന്നുള്ള ചെറു സംഘങ്ങളും ഷിരൂരിലേക്ക് പോയിട്ടുണ്ട്.
കണ്ണാടിക്കൽ വടക്കേവയലിലെ ഈ വീട്ടിൽ ബന്ധുക്കളും നാട്ടുകാരും വന്നു പോകുന്നു. അർജുൻ എവിടെയെന്നതിൽ ഏഴാം നാളും ഉത്തരമില്ലാത്തതിന്റെ ആശങ്കയാണ് എല്ലാവരുടെയും മുഖത്ത്. കാണാമറയത്ത് ആയ മകനെ ഓർത്ത് വിങ്ങിപൊട്ടുന്ന അച്ഛൻ. അർജുന്റെ രണ്ടര വയസുകാരൻ മകൻ അയാൻ . വീട് കര പിടിപ്പിച്ച് അത്താണിയായി മാറിയവനെ ഓർത്ത് വേദന തിന്നുന്ന അമ്മയും ഭാര്യയും സഹോദരങ്ങളും. ഉള്ളു നീറുന്ന കാഴ്ച്ചയ്ക്ക് ഇന്നും മാറ്റമില്ല
അതിനിടെ ഷിരൂരിലെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാവാൻ കോഴിക്കോട് മുക്കത്ത് നിന്നും ബാലുശേരിയിൽ നിന്നുമടക്കമുള്ള സംഘങ്ങൾ ഷിരൂരിലേത്തി. രക്ഷാപ്രവർത്തനത്തിൽ ഇവരും പങ്കാളികളാകും.
അർജുനെ കണ്ടെത്താൻ വൈകുന്ന ഒരോ മണിക്കൂറും ഈ കുടുംബത്തിന്റെ നെഞ്ചിടിപ്പും ആശങ്കയും വർധിപ്പിക്കുകയാണ്.