കേരള, തമിഴ്നാട് അതിർത്തിയിൽ നിപ പരിശോധന ശക്തമാക്കി തമിഴ്നാട്. പാലക്കാട് ജില്ലയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മുഴുവൻ ചെക്പോസ്റ്റുകളിലും ആരോഗ്യ വിദഗ്ധരുടെ സംഘം പരിശോധന തുടങ്ങി. മലപ്പുറത്ത് നിപ ബാധിച്ച് പതിനാലുകാരന്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇരുപത്തി നാല് മണിക്കൂറും നീളുന്ന തമിഴ്നാടിന്റെ ജാഗ്രത.
വാഹന യാത്രികരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാണ് തുടർ യാത്ര അനുവദിക്കുന്നത്. ശരീരോക്ഷ്മാവ് കൂടുതലെങ്കില്‍ ഡോക്ടര്‍മാരുടെ സംഘം വീണ്ടും പരിശോധിക്കും. സംശയം തോന്നിയാല്‍ അത്യാവശ്യ യാത്രയല്ലെങ്കില്‍ മടങ്ങാന്‍ നിര്‍ദേശിക്കും. വാഹനങ്ങളുടെ നമ്പരും യാത്രികരുടെ വിവരങ്ങളും കൃത്യമായി ശേഖരിക്കുന്നുണ്ട്. യാത്രാലക്ഷ്യം വ്യക്തമാക്കുന്നതിനൊപ്പം നിര്‍ബന്ധമായും മാസ്കും ധരിച്ചിരിക്കണം.
വിവിധ ആശുപത്രികളിലേക്ക് ചികില്‍സ തേടിപ്പോകുന്നവരുടെ വാഹനങ്ങള്‍ പരിശോധനയില്ലാതെ കടത്തിവിടുന്നുണ്ട്. അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ ചെക്പോസ്റ്റുകളിലും പരിശോധന സംഘമുണ്ട്. ഇരു സംസ്ഥാനങ്ങളും അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ കലക്ടര്‍മാര്‍ തമ്മില്‍ ആശയവിനിമയം നടത്തി ഓരോ ദിവസത്തെയും സ്ഥിതി വിലയിരുത്തി തുടര്‍ നടപടികള്‍ ഏകോപിപ്പിക്കും.