TOPICS COVERED

അടിക്കടി നിപ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും  ആറ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലെവല്‍ 3 വൈറോളജി ലാബ് ഇപ്പോഴും യാഥാര്‍ഥ്യമായില്ല. 2024 ല്‍  പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു  ആരോഗ്യ മന്ത്രിയുടെ ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് വരുത്തുന്ന കാലതാമസമാണ്  ലാബ് വൈകാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

ആറുവര്‍ഷത്തിനിടെ നിപ ബാധിച്ച് കോഴിക്കോട്ടും മലപ്പുറത്തുമായി ജീവന്‍ നഷ്ടപ്പെട്ടത് 22 പേര്‍ക്ക്. 2018 ല്‍ ആദ്യമായി നിപ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പ്രഖ്യാപിച്ചതാണ് കോഴിക്കോട് മെഡിക്കല്‍ കോളജിില്‍ ലൈവല്‍ 3 വൈറോളജി ലാബ്. കെട്ടിടം പണി പൂര്‍ത്തിയായെങ്കിലും  ലാബിന്റ പ്രവര്‍ത്തനം ഇനിയും തുടങ്ങാനായിട്ടില്ല. ലെവല്‍ രണ്ട് ലാബ്  പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ലൈവല്‍ 3 ലാബിന്റ ഫലമാണ് അന്തിമമായി കണക്കാക്കുന്നത്. 

നിലവില്‍ പൂണൈ വൈറോളജി ലാബില്‍ അയച്ചാണ് രോഗ സ്ഥിരീകരണം നടത്തുന്നത്. ഇതിന് എട്ട് മണിക്കൂറോളം സമയമെടുക്കും.  ലെവല്‍ 3 ലാബുണ്ടെങ്കില്‍  മൂന്ന് മണിക്കൂര്‍ കൊണ്ട് രോഗം സ്ഥിരീകരിക്കാം. കേന്ദ്ര സര്‍ക്കാരിന്റേയും  ഐസിഎംആറിന്‍റെയും ഫണ്ട് ഉപയോഗിച്ചാണ് ലാബ് നിര്‍മാണം. കരാറുകാരും കേന്ദ്രപൊതുമരാമത്ത് വകുപ്പും തമ്മിലുള്ള പ്രശ്നമാണ് ലാബിന്‍റെ പ്രവര്‍ത്തനം വൈകുന്നതിന്‍റെ പ്രധാനകാരണമായി ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ENGLISH SUMMARY:

The construction of a biosafety level 3 lab approved in Kozhikode five years ago has not reached anywhere