ചെമ്മീന്‍ കയറ്റുമതിയില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍. വിലക്ക് നീക്കാന്‍ കേന്ദ്രസര്‍ക്കാരിനെയും അമേരിക്കന്‍ എംബസിയെയും സമീപിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി. കേന്ദ്രത്തിലേക്ക് പ്രതിനിധി സംഘത്തെ ഉടന്‍ അയയ്ക്കാനാണ് തീരുമാനം
കടലാമ സംരക്ഷണത്തിന്‍റെ പേരില്‍ അമേരിക്ക ഇന്ത്യയില്‍ നിന്നുള്ള കടല്‍ച്ചെമ്മീനിന് വിലക്കേര്‍പ്പെടുത്തിയതില്‍ മല്‍സ്യത്തൊഴിലാളികളുടെ ആശങ്ക ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ കേട്ടു. സര്‍ക്കാര്‍, വിഷയത്തിലിടപെടണമെന്ന് മല്‍സ്യത്തൊഴിലാളികളുടെ ഒരു മാസത്തിലധികമായുള്ള ആവശ്യമായിരുന്നു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വതല യോഗത്തിലാണ് വിലക്ക് നീക്കാന്‍ കേന്ദ്രസര്‍ക്കാരിനെയും അമേരിക്കന്‍ എംബസിയെയും സമീപിക്കുമെന്ന് ഉറപ്പുലഭിച്ചത്. ഇതിന്‍റെ ഭാഗമായി കേന്ദ്രത്തിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കും. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഗണിച്ചുകൊണ്ടുമാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍, തീരുമാനം എടുക്കുകയുള്ളൂവെന്ന് സജി ചെറിയാന്‍ പറഞ്ഞു.
മന്ത്രിയുടെ ഉറപ്പില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷയിലാണ്. ട്രോളിങ് നിരോധനം അവസാനിക്കുന്നതിനുമുന്‍പ് അനുകൂല തീരുമാനം ആയില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് മല്‍സ്യബന്ധന മേഖല നീങ്ങുമെന്നും മല്‍സ്യത്തൊഴിലാളികള്‍ ഓര്‍മ്മിപ്പിക്കുന്നു. കടലാമ സംരക്ഷണത്തിന്‍റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള കടല്‍ചെമ്മീന്‍ ഇറക്കുമതി വിലക്കിയതിനു പിന്നാലെ എല്ലാ സമുദ്രോല്‍പന്നങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് അമേരിക്ക.
1972ലെ യുഎസ് മറൈന്‍ മാമല്‍ പ്രൊട്ടക്ഷന്‍ നിയമത്തിന്‍റെ ചുവടുപിടിച്ച്, ഡോള്‍ഫിന്‍, തിമിംഗലം അടക്കമുള്ള സസ്തനികള്‍ക്ക് ഭീഷണിയാവുന്ന മല്‍സ്യബന്ധനം നിരുല്‍സാഹപ്പെടുത്തുകയാണ് ലക്ഷ്യം. ചെമ്മീന്‍ കയറ്റുമതി നിരോധനത്തിലൂടെ മാത്രം പ്രതിവര്‍ഷം 2,000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുമെന്നായിരുന്നു കണക്കുക്കൂട്ടല്‍.