തദേശതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിനായി ചേര്‍ന്ന വയനാട് യോഗത്തിന് ശേഷമുള്ള പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നടപടിയെ ചൊല്ലി കോണ്‍ഗ്രസില്‍ പരാതിയും തര്‍ക്കവും തുടരുന്നു. ചെറിയ വീഴ്ചകള്‍ പര്‍വതീകരിക്കേണ്ടെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞപ്പോള്‍ തിരുത്തേണ്ടവര്‍ തിരുത്തണമെന്ന് കെ.മുരളീധരനും അഭിപ്രായവ്യത്യാസം പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തലയും നിലപാടെടുത്തു. വിമര്‍ശനത്തിന് അതീതനല്ലെന്ന് വി.ഡി.സതീശന്‍ ആവര്‍ത്തിച്ചു. എന്നാല്‍ സതീശനെതിരെ ഒരു വിഭാഗവും എ.ഐ.സി.സിക്ക് പരാതി നല്‍കി.
മിഷന്‍ 2025 എന്ന അജണ്ടയില്‍ തദേശതിരഞ്ഞെടുപ്പില്‍ മുന്നേറ്റം ലക്ഷ്യമിട്ടാണ് വയനാട്ടില്‍ ക്യാംപ് സംഘടിപ്പിച്ചത്. ക്യാംപിലെ തീരുമാനങ്ങള്‍ വിശദീകരിച്ച് വി.ഡി.സതീശന്‍ സര്‍ക്കുലര്‍ അയച്ചതും പേഴ്സണല്‍ സെക്രട്ടറിയേക്കൊണ്ട് വാട്സപ് ഗ്രൂപ്പ് തുടങ്ങിയതുമാണ് സമാന്തര സംഘടനാ പ്രവര്‍ത്തനമെന്ന ഒരു വിഭാഗത്തിന്റെ പരാതിക്കിടയാക്കിയത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരെ ഒഴിവാക്കിയുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന നിലപാടെടുത്ത കെ.മുരളീധരന്‍ നേരിട്ടല്ലങ്കിലും സതീശനെ എതിര്‍ത്തു.
പക്ഷം പിടിച്ചില്ലങ്കിലും ചെന്നിത്തലക്കും നീരസമുണ്ട്. സതീശന്‍ ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നയാളല്ലന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നൂവെന്നുമായിരുന്നു കെ.സി.വേണുഗോപാലിന്റെ പ്രതീകരണം. എന്നാല്‍ സതീശനെതിരെ കേരളത്തിന്റെ ചുമതലയുള്ള ഏ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് പരാതി നല്‍കിയിരിക്കുന്നത് കെ.സി പക്ഷത്തുള്ള നേതാക്കള്‍ ഉള്‍പ്പടെയാണ്. അതേസമയം സര്‍ക്കുലര്‍ അയച്ചത് സംഘടനാ പ്രവര്‍ത്തനം ഏറ്റെടുക്കലല്ലെന്ന് വിശദീകരിക്കുന്ന സതീശന്‍ വാട്സപ് ഗ്രൂപ്പിന്റെ കാര്യത്തില്‍ വീഴ്ച സംഭവിച്ചതായി സമ്മതിക്കുന്നുണ്ട്.