kundannur-bridge

അറ്റകുറ്റപണി പൂർത്തിയായ തേവര-കുണ്ടന്നൂർ പാലം വീണ്ടും പഴയപടിയായതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തില്‍. പാലത്തിലൂടെ കടന്നുപോകുന്ന യാത്രക്കാരെല്ലാം തട്ടിക്കൂട്ട് പണിയെ പഴിച്ചാണ് പോകുന്നത്. 

 

പാലം അറ്റകുറ്റപണിയിലെ അപാകതയില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നുമില്ലെന്ന് മരട് നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍ പറമ്പില്‍ പറയുന്നു.  ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരത്തിലേക്ക് കടക്കാനാണ് തീരുമാനം . 

മഴയിൽ കോൺക്രീറ്റ് ഒലിച്ചുപോയി കുഴികൾ തെളിഞ്ഞുവന്നു. അധികൃതരെ വിമർശിച്ചും പരിഹസിച്ചും പാലത്തിൽ ഫ്ലക്സുകൾ സ്ഥാപിച്ച് നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. 

മൂന്നുദിവസം അടച്ചിട്ട് അറ്റകുറ്റപ്പണി ചെയ്ത  ശേഷം  ചൊവ്വാഴ്ച തുറന്ന  തേവര-  കുണ്ടന്നൂർ പാലം വീണ്ടും പഴയ അവസ്ഥയിലേക്ക് നീങ്ങുകയാണ്. രണ്ടേ രണ്ടു മഴ. അടച്ച കുഴികൾ, തുറക്കപ്പെട്ടു. മഴവെള്ള സംഭരണികൾ പോലെയായി. കുഴികൾ അടയ്ക്കാൻ ഉപയോഗിച്ച കോൺക്രീറ്റും പാറപ്പൊടിയും എവിടെയാണോ ആവോ! ദേശീയപാത അതോറിറ്റിയുടെയും  സർക്കാരിന്റെയും എക്സ്ട്രാ ഓർഡിനറി വർക്കിനെ സ്മരിച്ചുകൊണ്ട്  ഫ്ലക്സുകൾ പാലത്തിൽ നിറഞ്ഞു. പരാതിപ്പെട്ടിട്ടും ഫലം ഇല്ലാതെ വന്നതോടെയാണ് അരി വറക്കൽ പ്രതിഷേധത്തിന് ശേഷം നാട്ടുകാർ സ്വന്തം കാശില്‍ ഫ്ലെക്സുകൾ അടിച്ചത്.

പാലത്തിന്റെ അപാകത പഠിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയോഗിച്ച ഉദ്യോഗസ്ഥരാണ് ഇനി ആശ്രയം. അറ്റകുറ്റപ്പണിയിൽ ഒരു കുറ്റവും ഇല്ലെന്ന്  ഇനി അവരെങ്ങാനും എഴുതുമോ എന്നാണ് നാട്ടുകാരുടെ ഭയം. 

ENGLISH SUMMARY:

locals protest against Thevara - kundannur-bridge