This photograph provided by PRO Defense Kochi shows Indian navy soldiers engaged in rescue operations at landslide affected village in Wayanad in southern Kerala, India, Wednesday, July 31, 2024. (PRO Defense Kochi via AP)

Indian navy soldiers engaged in rescue operations

  • മരണസംഖ്യ 163 ആയി
  • കൂടുതൽ ഫോറൻസിക് ഡോക്ടർമാരെ നിയോഗിക്കും
  • ഒൻപതു മന്ത്രിമാർ വയനാട്ടില്‍
  • ഉറ്റവര്‍ക്കായി കണ്ണീരോടെ കാത്തിരിപ്പ്

വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ നാളെ 11.30 ന് സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രി പങ്കെടുക്കും. അടിയന്തര ധനസഹായം പിന്നീട് തീരുമാനിക്കും. ഒൻപതു മന്ത്രിമാർ വയനാട്ടിലുണ്ട്. രണ്ട് ടീമായി പ്രവർത്തനം ഏകോപിപ്പിക്കും. കൺട്രോൾ റൂമുകളിൽ മന്ത്രിമാർ ഉണ്ടാകണമെന്ന് നിർദേശം നല്‍കി. കൂടുതൽ ഫോറൻസിക് ഡോക്ടർമാരെ നിയോഗിക്കാൻ മന്ത്രി സഭ തീരുമാനം. മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു. ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് മേപ്പാടിയിലെത്തി. 

 

മരണസംഖ്യ ഉയരുന്നു

മരണസംഖ്യ 163 ആയി ഉയര്‍ന്നു. കണ്ടെത്തിയതില്‍ മുണ്ടക്കൈ മഹല്ല് സെക്രട്ടറി അലിയുടെ മൃതദേഹവും ഉള്‍പ്പെടുന്നു. 86 പേരെ കണ്ടെത്തിയിട്ടില്ല. 86 പേരെ തിരിച്ചറിഞ്ഞു. 191 പേര്‍ ചികില്‍സയില്‍. 143 മൃതദേഹങ്ങളുെട പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. നിലമ്പൂരില്‍ 31 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ചാലിയാര്‍ പുഴയില്‍ നിന്ന് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പോത്തുകല്ലില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 67 മൃതദേഹങ്ങളാണ്. നിലമ്പൂര്‍ ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു. ഇരുട്ടുകുത്തി ആദിവാസി കോളനി നിവാസികള്‍ സുരക്ഷിതരെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

 

രണ്ടാം ദിനം രക്ഷാദൗത്യം തുടരുന്നു. ഉറ്റവര്‍ക്കായി കണ്ണീരോടെ കാത്തിരിപ്പ്. 4 സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തി. അത്യാവശ്യമായി കുടിവെള്ളം എത്തിക്കണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തും.

നാനൂറിലധികം ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മുണ്ടകൈ ഭാഗത്തെ തകര്‍ന്ന വീടുകള്‍ക്കടിയില്‍ ഇനിയും മനുഷ്യരുണ്ട്. ഇനിയും രക്ഷാകരം കാത്ത് കിടക്കുന്ന ആളുകളിലേക്ക് അതിവേഗമെത്താനുള്ള , ആ ഭാഗം കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് പ്രധാനമായും നടക്കേണ്ടത് . സേനയും എന്ഡഡിആര്‍എഫും അഗ്നിരക്ഷാസേനയും പോലീസും വനംവകുപ്പും ആരോഗ്യവകുപ്പും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും ഒക്കെ ചേര്‍ന്ന് ഇന്നലെ സാധ്യമായ രക്ഷാപ്രവര്‍ത്തനം നടത്തിയതാണ്.

45 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 3069 പേരെ ഇതിനോടകം ദുരിതാശ്വാസ ക്യാംപുകളാക്കിയിട്ടുണ്ട് . ഉറ്റവരും ഉടയവരും ഒരു ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ നഷ്ടമായി പാതി മരിച്ച മനസോടെ ജീവിതത്തിലേക്ക് കയറി വന്നവരാണിവര്‍ . അവരെ ചേര്‍ത്തുപിടിക്കാം നമുക്ക് . മനസാക്ഷിയുള്ള എല്ലാവരുടെയും കരുതലും സഹായവുമൊക്കെ അവര്‍ക്കാവശ്യമാണ്

വൈകാതെ തന്നെ എയര്‍ലിഫ്റ്റിങ് ശ്രമം തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വൈത്തിരിയില്‍ 30 മൃതദേഹങ്ങള്‍ വയ്ക്കാനുള്ള ഹാള്‍ സ‍ജ്ജമാക്കി. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനാണ് നിലവിലെ തീരുമാനം. താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണം ഇന്ന് തുടങ്ങാനാകുമെന്നു റവന്യൂമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. 85 അടി നീളമുള്ളതാണ് പാലം. ചെറിയ മണ്ണുമാന്തി ഉള്‍പ്പെടെ പോകാനാവും. മഴ കുറഞ്ഞത് ആശ്വാസമെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു.

അതേസമയം, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും പരക്കെ മഴയാണ്. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചു. ട്രോളിങ് നിരോധനം ഇന്ന് രാത്രി അവസാനിക്കും. എന്നാല്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ENGLISH SUMMARY:

Wayanad Landslide; all party meeting tomarrow