വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍ മല ഉരുള്‍പൊട്ടലില്‍ ദുഖം രേഖപ്പെടുത്തിയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചും വ്യവസായി ആനന്ദ് മഹീന്ദ്ര. എക്സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം സഹായം വാഗ്ദാനം ചെയ്തത്. വയനാട് ഭൂമിയിലെ സ്വർഗമാണെന്നും ഹൃദയം കൊണ്ട് വയനാടിനൊപ്പമാണെന്നും അദ്ദേഹം കുറിച്ചു.
‘വയനാട് ഭൂമിയിലെ ഒരു സ്വർഗ്ഗമാണ്. മണ്ണിടിച്ചിലിൽ നിരവധി ജീവനുകൾ പൊലിഞ്ഞതും പ്രദേശങ്ങള്‍ക്കുണ്ടായ നാശവും വലിയ ദുരന്തമാണ്. ഈ അവസ്ഥയില്‍ ഹൃദയം കൊണ്ട് വയനാടിനൊപ്പമാണ്. ദുരിതാശ്വാസത്തിൽ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും’ അദ്ദേഹം എക്സില്‍ കുറിച്ചു.
അതേസമയം, ദുരന്തത്തില്‍ മരണം 163 ആയി. 85 പേരെ കണ്ടെത്തിയിട്ടില്ല. മുണ്ടക്കൈയില്‍ നിന്ന് ഇന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 143 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. 191 പേര്‍ ചികില്‍സയിലാണ്. നിലമ്പൂരില്‍ 31 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. പോത്തുകല്ലില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 67 മൃതദേഹങ്ങളാണ്.
കുട്ടികളെക്കൂടാതെ മുണ്ടക്കൈയിലുണ്ടായിരുന്നത് 860 പേരെന്നാണ് പഞ്ചായത്ത് അംഗം പറയുന്നത്. അതിഥിത്തൊഴിലാളികളും ടൂറിസ്റ്റുകളും വേറെ. ചൂരല്‍മലയില്‍ ഇനിയും 20 പേരെ കണ്ടെത്താനുണ്ടെന്ന് വാര്‍ഡ് അംഗം സുകുമാരനും നാഗമലയിലെ എസ്റ്റേറ്റില്‍ 12 പേര്‍ കുടുങ്ങിയെന്ന് നാട്ടുകാരന്‍ രായിനും പറയുന്നു. മുണ്ടക്കൈയില്‍ 150 വീടുകളില്‍ ആളുകള്‍ ഉണ്ടായിരുന്നെന്ന് മേപ്പാടി പഞ്ചാ. സെക്രട്ടറിയും വ്യക്തമാക്കി.