വയനാട്ടിലെ ദുരന്ത ബാധിത മേഖല സന്ദര്‍ശിക്കുന്നതില്‍ നിന്നും ശാസ്ത്രജ്ഞരെ വിലക്കിക്കൊണ്ടുള്ള വിവാദ സര്‍ക്കുലര്‍ മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിപ്പിച്ചു. മേഖലയിലേക്ക് ശാസ്ത്രജ്ഞർ പോകരുത് , പഠനമോ സ്ഥല സന്ദര്‍ശനമോ പാടില്ല , ശാസ്ത്ര സമൂഹം മാധ്യമങ്ങളോട് സംസാരിക്കരുത് എന്ന് അനുശാസിക്കുന്നതായിരുന്നു സര്‍ക്കുലര്‍. മനോരമന്യൂസാണ് വിവാദ സര്‍ക്കുലര്‍ പുറത്തുവിട്ടത്. ശാസ്ത്രജ്ഞരെ വിലക്കുക സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ (ഓഗസ്റ്റ് ഒന്ന്) രാത്രി വൈകി ചീഫ് സെക്രട്ടറി ഡോ. വി. വേണു, ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിവാദ സർക്കുലർ പിൻവലിക്കുകയായിരുന്നു.
അതിനിടെ വയനാട് ഉരുള്‍പൊട്ടലില്‍ മരണം 316 ആയി ഉയര്‍ന്നു. ഇതില്‍ 23 പേര്‍ കുട്ടികളാണ്. ചാലിയാറില്‍നിന്ന് ഇതുവരെ 172 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസത്തിലേക്ക് കടന്നു. മുണ്ടക്കൈയില്‍ ആറ് മേഖലകളായി തിരിഞ്ഞാണ് ഇന്നത്തെ തിരച്ചില്‍. പൊലീസിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം കോസ്റ്റ്ഗാര്‍ഡ്, ഫോറസ്റ്റ്, നേവി ടീമുകളും തിരച്ചില്‍ നടത്തും. നാല് ഡോഗ് സ്ക്വാഡ് കൂടി തമിഴ്നാട്ടില്‍നിന്ന് ഇന്നെത്തും. ബെയ്‌ലി പാലത്തിലൂടെ 25 ആംബുലന്‍സുകള്‍ എത്തിക്കും. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ ചുറ്റുമുള്ള എട്ട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും പരിശോധന നടത്തും.