വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ പങ്കുവെച്ചതിനെ വിമര്‍ശിച്ചയാള്‍ക്ക് തക്ക മറുപടി നല്‍കി ഷെഫ് പിള്ള. ഇതെല്ലാം മാര്‍ക്കറ്റിങ്ങാണെന്ന വിമര്‍ശനത്തോടുള്ള ഷെഫ് പിള്ളയുടെ മറുപടി സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
ഉരുള്‍പൊട്ടല്‍ കാരണം ദുരിതത്തിലായ ആയിരങ്ങള്‍ക്കാണ് ബത്തേരിയിലെ സഞ്ചാരി റസ്റ്ററന്‍റില്‍ ഷെഫ് പിള്ള ഭക്ഷണം ഒരുക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ സൗജന്യമായി ഭക്ഷണം നല്‍കുന്ന നല്ല മനസിനെ പ്രശംസിക്കുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ ഭക്ഷണം പാചകം ചെയ്യുന്നതിന്റെ റീല്‍ ഷെഫ് പിള്ള സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അതിനുതാഴെയാണ് ‘മാര്‍ക്കറ്റിങ്’ കമന്റ് വന്നത്. ‘ഇതുവച്ച് മാർക്കറ്റ് ചെയ്യാനാണെങ്കിൽ നിങ്ങൾ ചിന്തിക്കുന്നതിനെല്ലാം അപ്പുറം നൂറു തരത്തിൽ മാര്‍ക്കറ്റ് ചെയ്യാനറിയാം..! നാളെ ഇതുപോലൊരു ദുരന്തം മറ്റൊരു സ്ഥലത്തുണ്ടായാൽ ഞങ്ങള്‍ ഇവിടെ ചെയ്യുന്ന മാതൃകയാക്കി നൂറുകണക്കിനാളുകൾ ഇതിലും നന്നായി ചെയ്യാൻ ശ്രമിക്കും!' എന്ന് സുരേഷ് പിള്ള കമന്റിന് മറുപടി നല്‍കി.
ഇതിനെ പിന്തുണച്ച് ഒട്ടേറെപ്പേര്‍ രംഗത്തുവരികയും ചെയ്തു. ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ശ്രമിക്കുന്നവരെ ഇങ്ങനെ അനാവശ്യമായി വിമര്‍ശിക്കരുതെന്നായിരുന്നു ഏറെപ്പേരുടെയും നിലപാട്.
ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരും രക്ഷാപ്രവര്‍ത്തകരുമടക്കം എണ്ണായിരത്തോളം പേര്‍ക്ക് ഇതിനകം രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം വിതരണം ചെയ്തു കഴിഞ്ഞു. വരുംദിവസങ്ങളില്‍ 25000 പേര്‍ക്ക് ഭക്ഷണം നല്‍കുമെന്നും സുരേഷ് പിള്ള ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഒരുപാടുപേര്‍ വിളിച്ച് പണം വേണോ എന്ന് അന്വേഷിക്കുന്നുണ്ട്. ഇപ്പോള്‍ അതിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.