മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയെന്ന കേസിൽ സംവിധായകൻ അഖിൽ മാരാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 23ന് വീണ്ടും പരിഗണിക്കും. താൻ നിരപരാധിയാണെന്നും, ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ പ്രതികാരം തീർക്കാനായി തന്നെ കള്ളക്കേസിൽ കുടുക്കുകയാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ അഖിൽ മാരാർ പറയുന്നു.
തനിക്ക് തന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. തനിക്കുമേൽ അനധികൃതമായി ജാമ്യമില്ലാ കേസുകൾ ചുമത്തുമോ എന്ന ആശങ്കയുണ്ടെന്നും അഖിൽ മാരാർ ചൂണ്ടിക്കാട്ടി. വയനാട് ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് ആളുകളെ പ്രേരിപ്പിച്ചു എന്നാണ് അഖിലിനെതിരായ കേസ്. കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞിരുന്ന അഖിൽ മാരാർ നിലപാട് മാറ്റി. സിഎംഡിആർഎഫിൽ നിന്നും കെഎസ്എഫ്ഇക്ക് ലാപ്ടോപ് വാങ്ങാൻ 81.43 കോടി രൂപ അനുവദിച്ചു എന്ന ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞതിനാലാണ് തന്റെ വക ഒരു ലക്ഷം രൂപ നൽകുന്നതെന്ന് അഖിൽ മാരാർ ഫെയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ കെഎസ്എഫ്ഇക്ക് ലാപ്ടോപ് വാങ്ങാൻ പണം നൽകിയ വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞതെല്ലാം വാസ്തവ വിരുദ്ധമാണെന്നാണ് അഖിൽ മാരാരുടെ ഒടുവിലത്തെ നിലപാട്. താൻ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകിയത് ചോദ്യങ്ങൾ ചോദിക്കാൻ വേണ്ടി തന്നെയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.