wayanad-league-help

വയനാട് ഉരുള്‍പൊട്ടലിലെ ദുരന്തബാധിതര്‍ക്കായി 10 കോടി രൂപ സ്വരൂപിച്ച് മുസ്‍ലിം ലീഗ്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുസ്‍ലിം ലീഗ് കണക്ക് പുറത്തുവിട്ടത്. പതിനായിരങ്ങൾ മനസറിഞ്ഞ് നൽകിയ മഹത്തായ പിന്തുണ 10 കോടിയും കടന്ന് മുന്നോട്ട് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ഇന്നലെ ഒന്‍പത് കോടി രൂപ സമാഹരിച്ചെന്ന് വാര്‍ത്താസമ്മേളനത്തിലൂടെ ലീഗ് നേതാക്കള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ പുതിയ കണക്ക് പുറത്തുവിട്ടത്. 

വിവിധ വിഭാഗം ആളുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സമഗ്ര പുനരധിവാസമാണ് ലീഗ് ഉദ്ദേശിക്കുന്നതെന്നും ഉപജീവനമാര്‍ഗം കണ്ടെത്താന്‍ പദ്ധതി തയ്യാറാക്കുമെന്നും ഭവന നിര്‍മാണത്തിന് ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 100 വീടെങ്കിലും നിര്‍മിച്ച് നല്‍കണമെന്നാണ് ആലോചിക്കുന്നതെന്നും ലീഗ് വ്യക്തമാക്കി.

കുട്ടികളുടെ പഠനം ഉടൻ പുനരാരംഭിക്കണം. അതിനാവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തണം. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് നീങ്ങുമെന്നും ലീഗ് അറിയിച്ചു. പുനരധിവാസം കുറ്റമറ്റ രീതിയില്‍ വേണമെന്നും വിഷയം സര്‍വകക്ഷിയോഗം നടത്തി ചര്‍ച്ച ചെയ്യണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അതേസമയം, സര്‍ക്കാര്‍ ടൗണ്‍ഷിപ്പിനോട് സഹകരിക്കണോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും, ലീഗ് എംഎല്‍എമാര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Muslim League collected 10 crores for Wayanad