വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ ഉലഞ്ഞുനില്‍ക്കുന്ന വയനാട്ടുകാരെയാണ് പ്രകൃതി വീണ്ടും ശബ്ദം കൊണ്ട് ഭീതിയിലാഴ്ത്തിയത്. രാവിലെ പത്തേകാലോടെ വയനാടിന്‍റെ പല ഭാഗങ്ങളില്‍ ഭൂമികുലുക്കത്തിന് സമാനമായ പ്രതിഭാസം അനുഭവപ്പെട്ടു. അമ്പലവയല്‍, കുറിച്യർമല, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് , വെങ്ങപ്പള്ളി കാരാറ്റപ്പടി, മൈലാടിപ്പടി, ചോലപ്പുറം, തെക്കുംതറ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടു. ഓര്‍ക്കാപ്പുറത്തുണ്ടായ നടുക്കം മനോരമ ന്യൂസുമായി പങ്കുവെക്കുകയാണ് കുറിച്യര്‍ മലയിലെ തൊഴിലാളികള്‍.
‘ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അപ്പുറത്തുള്ള സുഗന്ധഗിരി മലയുടെ ഭാഗത്തു നിന്നും ഇടി മുഴക്കം പോലൊരു ശബ്ദം കേട്ടത്. ആദ്യം വിചാരിച്ചത് കൂണ്‍ മുളയ്ക്കുന്ന സമയത്ത് ഉണ്ടാകാറുള്ള ശബ്ദമാണെന്നാണ്. എന്നാല്‍ കൂണ്‍ മുളയ്ക്കുന്ന സമയത്ത് ഒരൊറ്റ ഇടി മുഴക്കം മാത്രമല്ല ഉണ്ടാകുക. തുടര്‍ച്ചയായ മുഴക്കം കേള്‍ക്കാം. അത് ആശങ്ക കൂട്ടി. നേരത്തെ കുറിച്യര്‍ എസ്റ്റേറ്റില്‍ ഉരുള്‍ പൊട്ടലുണ്ടായപ്പോള്‍ ഇതുപോലൊരു ശബ്ദം കേട്ടിരുന്നു. അതു കൊണ്ടുതന്നെ അങ്ങനെയൊരു ആശങ്ക വന്നു. വല്ലതും ഇടിഞ്ഞു വരുന്നുണ്ടോ എന്ന് നോക്കി. എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന ആധിയുണ്ടായിരുന്നു മനസില്‍. മഴക്കോളുമില്ലായിരുന്നു...’തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ ഭയപ്പെട്ട പോലൊന്നും സംഭവിക്കാത്തതിന്‍റെ ആശ്വാസത്തിലാണ് കുറിച്യര്‍മല നിവാസികള്‍.
അതേസമയം വയനാട്ടില്‍ ഒരിടത്തും ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഭൂകമ്പ മാപിനിയില്‍ ഇതുവരെ ഒരു ഡേറ്റയും റെക്കോര്‍ഡ് ചെയ്തിട്ടില്ല. മണ്ണിന് താഴയുള്ള പാറക്കെട്ടുകള്‍ നീങ്ങിയ ചെറുചലനമാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിവരം ശേഖരിക്കുകയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.