വ്യാജ കാഫിര്‍ പ്രചാരണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഎം നേതാവ് കെ.കെ.ശൈലജ. ആരാണെങ്കിലും അത് ഇടതുപക്ഷത്തിന് എതിരാണ്. കെ.കെ.ലതിക കാഫിര്‍ പോസ്റ്റ് ഷെയര്‍ ചെയ്തത് തെറ്റെന്നും ശൈലജ പറഞ്ഞു.
കാഫിര്‍ വിവാദം സൃഷ്ടിച്ചവരുടെ ഉദ്ദേശ്യം വോട്ടര്‍മാരെ ഭിന്നിപ്പിക്കലെന്ന് ഷാഫി പറമ്പില്‍ എംപി. സി.പി.എം പ്രവര്‍ത്തകര്‍ തന്നെ ഇതിനെ ചോദ്യംചെയ്യുന്ന റെഡ് എന്‍കൗണ്ടര്‍ വേണം. സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചവരെല്ലാം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികള്‍ അടിമുടി സിപിഎമ്മുകാരെന്നും പൊലീസ് അന്വേഷണം സ്ലോമോഷനിലാണെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു.
വ്യാജ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് സിപിഎംകാരെന്ന് എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം. ഡി.വൈ.എഫ്.ഐ നേതാവാണ് റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പ് അഡ്മിന്‍. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷിന്റെ ചിത്രവും മുഹമ്മദ് കാസിം പുറത്തുവിട്ടു. റിബേഷ് ആറങ്ങോട്ട് എംഎല്‍പി സ്കൂള്‍ അധ്യാപകനാണെന്നും കാസിം പറഞ്ഞു. കാസിമിന്‍റെ വാട്സാപ്പ് സന്ദേശം എന്ന പേരിലാണ് സ്ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത്. ഇതിനെതിരെ കാസിം ഹൈക്കോടതിയെ സമീപിച്ചിരുന്നു.