chooralmala

വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിലിന്‍റെ ആദ്യഘട്ടം പൂർത്തിയായി. ഭൗമ ശാസ്ത്രജ്ഞൻ  ജോൺ മത്തായിയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘത്തിന്‍റെ ആദ്യഘട്ട പഠനവും പൂർത്തിയായി. ഉരുൾപൊട്ടലിൽ ബാങ്ക് രേഖകൾ നഷ്ടപ്പെട്ടവർക്കായി അദാലത്തും നടന്നു. ദുരന്തഭൂമിയിലും ചാലിയാറിലും പതിനെട്ടാം ദിനം നടന്ന തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. 

 

 ഉരുൾ തൂത്തെറിഞ്ഞ ഭൂമിയിൽ കാണാമറയത്ത് ഇനിയും 128 പേരാണുള്ളത്. ആയിരക്കണക്കിന് രക്ഷാപ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു 18 ദിവസങ്ങളിലായി നീണ്ട തിരച്ചിൽ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ തിരച്ചിൽ ചാലിയാറിൽ നിന്നോ ദുരന്തഭൂമിയിൽ നിന്നോ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെടുക്കാനായില്ല . ചാലിയാറിലെ മണൽത്തിട്ടകൾ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ വരും ദിവസങ്ങളിലും തുടരും.  ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ആവശ്യപ്പെട്ട മെമ്മോറാണ്ടം രണ്ടുദിവസത്തിനകം സമർപ്പിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. 

 ദുരന്തഭൂമിയിൽ ബാങ്കുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്ക്‌ വേണ്ടി മേപ്പാടിയിൽ അദാലത്തും സംഘടിപ്പിച്ചു. ക്യാമ്പുകളിൽ നിന്ന് വാടകവീടുകളിലേക്ക് ആളുകളെ മാറ്റുന്ന നടപടിയും പുരോഗമിക്കുകയാണ്. ദുരന്തഭൂമിയിൽ ഭൗമ ശാസ്ത്ര വിഭാഗത്തിലെ വിദഗ്ധസംഘം നടത്തിയ പഠന റിപ്പോർട്ട് 10 ദിവസത്തിനകം സർക്കാരിന് കൈമാറും.

ENGLISH SUMMARY:

First phase of search for missing persons in Wayanad Churalmala Mundakai landslide disaster completed