ചിങ്ങപ്പുലരിയില്‍ ശബരിമലയിലും ഗുരുവായൂരിലും ഭക്തജനത്തിരക്ക്. പ്രതികൂല കാലാവസ്ഥയിലും ആയിരങ്ങളാണ് അയ്യപ്പദര്‍ശനത്തിന് സന്നിധാനത്തെത്തിയത്.
തന്ത്രി കണ്ഠര് രാജീവര് , മകൻ തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് ആണ് പുലർച്ചെ നടതുറന്നത്. പുലർച്ചെ മഹാഗണപതി ഹോമത്തിനുശേഷം ലക്ഷാർച്ചന നടന്നു. ചിങ്ങമാസ പൂജക്ക് ശേഷം ഈ മാസം 21ന് നടയടയ്ക്കും.
ഗുരുവായൂരില്‍ പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനായി നട തുറന്ന ശേഷം ഭക്തരുടെ നീണ്ട വരിയായിരുന്നു. വഴിപാടു കൗണ്ടറിലും തിരക്കുണ്ടായി. നാളെയാണ് ക്ഷേത്രത്തില്‍ ഇല്ലംനിറ. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 4.30ന് നിർമാല്യ ദർശനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മലയാള വർഷാരംഭത്തിൽ ഉണ്ണിക്കണ്ണനെ തൊഴുതു മടങ്ങാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രസന്നിധിയിൽ എത്തിയത്.